മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സത്യന്‍ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ഇപ്പോള്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ്ടപ്പെട്ട സിനിമകളോ പെര്‍ഫോമന്‍സോ കണ്ടാല്‍ താന്‍ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.
‘എന്നെ വിസ്മയിപ്പിക്കുന്ന ഒരു സിനിമ വന്നാല്‍ ഞാന്‍ ഒന്നെങ്കില്‍ അതിന്റെ ഫിലിം മേക്കറിനെ അന്വേഷിച്ച് ഫോണ്‍ ചെയ്ത് എന്റെ അഭിനന്ദനം അറിയിക്കും. അല്ലെങ്കില്‍ അതിന്റെ സംവിധായകനെ വിളിക്കും. ചിലപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതും. അത് വലിയൊരു പ്രചോദനമാണ്. ഞാന്‍ അതിന്റെ സുഖം അനുഭവിച്ചിട്ടുണ്ട്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത്, എന്റെ നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ലാന്‍ഡ് ഫോണില്‍ ഭരതേട്ടന്‍ വിളിക്കുമായിരുന്നു. ഹരിഹരന്‍ വിളിക്കുമായിരുന്നു.
അവര്‍ നമ്മളെ വിളിച്ചിട്ട് നിന്റെ പടം നന്നായിട്ടുണ്ടെന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു ഊര്‍ജമുണ്ട്. അതെനിക്കറിയാം. പുതിയ തലമുറയിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് നല്ലതാണെങ്കില്‍ വിളിച്ച് പറയാനും അഭിനന്ദിക്കാനുമൊന്നും എനിക്ക് ഒരു മടിയുമില്ല.
കിഷ്‌കിന്ധാകാണ്ഡം എന്ന പടം വന്നപ്പോള്‍ ഞാന്‍ വിജയരാഘവന്റെ കയ്യില്‍ നിന്ന് സംവിധായകന്റെ നമ്പര്‍ വാങ്ങി വിളിച്ചിരുന്നു. അയാളെ വിളിച്ച് അഭിനന്ദിച്ചു. ഈയടുത്ത് റോന്ത് എന്ന സിനിമയില്‍ ദിലീഷ് പോത്തന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ അന്തം വിട്ടു പോയി. ഞാന്‍ ദിലീഷിന് മെസേജ് അയച്ചപ്പോള്‍ പുള്ളി എന്നെ തിരിച്ചുവിളിച്ചു. ഞാന്‍ പുതിയതലമുറയിലെ എല്ലാ കലാകാരന്‍മാരുടെയും കൂടെ മിങ്കിള്‍ ചെയ്യുന്നയാളാണ്. എന്റെ വീട്ടില്‍ തന്നെ രണ്ട് പേരുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.