ബോധപൂര്‍വം വേറിട്ട സിനിമ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കാറില്ല; ഇപ്പോഴും എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അത്: സത്യന്‍ അന്തിക്കാട്
Malayalam Cinema
ബോധപൂര്‍വം വേറിട്ട സിനിമ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കാറില്ല; ഇപ്പോഴും എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അത്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 9:14 am

മോഹന്‍ലാലിനെ നായകനാക്കി 1994ല്‍ സംവിധാനം ചെയ്ത പിന്‍ഗാമി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. പിന്‍ഗാമി തന്റെ പതിവുശൈലിയില്‍ നിന്നുള്ള ഒരു മാറ്റമായി വിലയിരുത്തപ്പെടുന്ന സിനിമയാണെന്ന് അദ്ദേഹം പറയുന്നു. മറ്റ് സിനിമകളിലെ ലളിതമായ കഥ പറച്ചിലില്‍നിന്ന് മാറി, കൂടുതല്‍ സങ്കീര്‍ണമായ ഒരു പശ്ചാത്തലവും അന്വേഷണ സ്വഭാവവും പിന്‍ഗാമിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രം അന്ന് കൂടുതല്‍ ആഘോഷിക്കപ്പെട്ടില്ലെങ്കിലും, എന്റെ സിനിമാ ജീവിതത്തിലെ ശൈലീപരമായ മാറ്റത്തിന്റെ ഒരു മികച്ച ഉദാഹരണമായി ഈ സിനിമ ഇന്ന് ചര്‍ച്ചയാക്കപ്പെടുന്നു. ശൈലിയില്‍ മാറ്റമുണ്ടെങ്കിലും ഒരച്ഛന്റെയും മകന്റെയും ആ കുടുംബത്തിന്റെയും വൈകാരിക തീവ്രതകള്‍ക്കും പിന്‍ഗാമിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

അതിലെ പല സംഭാഷണങ്ങള്‍ക്കും അവതരണങ്ങള്‍ക്കും സാഹിത്യത്തിന്റെയും കാവ്യാത്മകതയുടെയും സ്വ ഭാവമുണ്ടായിരുന്നു. സൈനികനായ മോഹന്‍ലാല്‍ അച്ഛന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിക്കുന്നതും ആ മരണത്തിന് പിന്നിലെ ദുരൂഹതകളും പ്രതികാരവുമാണ് ചിത്രത്തിന്റെ കാതല്‍,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

എങ്കിലും കുടുംബങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം ഈ സിനിമയിലും അവതരിപ്പിച്ചിരുന്നുണ്ടെന്നും തന്റെ സിനിമകളുടെ സംസ്‌കാരത്തില്‍ നിന്നുകൊണ്ടുതന്നെ ത്രില്ലര്‍ സ്വഭാവംകൂടി നല്‍കിയ സിനിമയായിരുന്നു പിന്‍ഗാമിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ചിത്രീകരണ സമയത്തുതന്നെ പതിവ് ശൈലിയില്‍ നിന്ന് മാറി അവതരണത്തിലും ചിത്രീകരണ ശൈലിയിലും പ്രേക്ഷകന് ഒരു പുതിയ അനുഭവം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോഴും എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് പിന്‍ഗാമി. ബോധപൂര്‍വം വേറിട്ട സിനിമ സൃഷ്ടിക്ക ണമെന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. ഒരു വിഷയം ആകര്‍ഷിക്കുമ്പോള്‍ അത് സിനിമയാക്കുന്ന രീതിയാണ് എന്റേത്. ഒരു ഹൊറര്‍ സിനിമയോ ത്രില്ലര്‍ സിനിമയോ ചെയ്യാനാഗ്രഹിക്കുകയും പിന്നീട് അതിനു വേണ്ടി കഥ കണ്ടെത്തുകയോ ചെയ്യാറില്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content highlight: Sathyan Anthikad is talking about the film Pingami