അയാളെ പോലെ ഒരാളെ കൂടെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം: സത്യന്‍ അന്തിക്കാട്
Malayalam Cinema
അയാളെ പോലെ ഒരാളെ കൂടെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 7:37 am

സിനിമാപ്രേമികള്‍ക്ക് പ്രത്യകിച്ച് കുടുംബപ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം മലയാളത്തിന്
ഒരുപിടി മികിച്ച സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മനസിനക്കരെ, നാടോടിക്കാറ്റ് എന്നിങ്ങനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. കണ്ട് പരിചയമുള്ള കാര്യങ്ങളാണ്  തന്റെ സിനിമയില്‍ കൂടുതലും ഉള്‍പ്പെടുത്താറുള്ളതെന്ന് അദ്ദേഹം പറയുന്നു.

‘ബോധപൂര്‍വ്വം ഒരു കുടുംബാന്തരീക്ഷം സിനിമയിലുണ്ടാക്കാം കുറെ തമാശയിലൂടെ ഒരു കാര്യം പറയാം എന്നല്ല. അങ്ങനെ ഞാന്‍ ചിന്തിക്കാറില്ല. പക്ഷേ ഒറ്റകാര്യം ഞാന്‍ മനസിലാക്കിയത് ഹ്യൂമറിലൂടെ സീരിയസ് വിഷയം പറയുന്നതാണ് എപ്പോഴും പ്രേക്ഷകന്റെ മനസിലേക്ക് എത്തുക എന്നതാണ്. ഒരു സീരിയസായ വിഷയത്തെ സീരിയസായി പറഞ്ഞാല്‍ അത് ആളുകളുടെ മനസില്‍ എത്തും. പക്ഷേ അതിന് ഒരു ലിമിറ്റുണ്ടാകും.

കഥയ്ക്ക് ഒരു വേദനയുടെ അണ്ടര്‍ലൈന്‍ ഉണ്ടായാല്‍ തന്നെയും തമാശയുടെ ഒരു പരിവേഷം ഉണ്ടാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ ആസ്വദിക്കും. ഞാന്‍ ചെയ്തിട്ടുള്ള പല ഹ്യൂമറസ് സിനിമകളും വളരെ തീവ്രമായ വിഷയമുള്ള സിനിമകളാണ്. തൊഴിലില്ലാത്ത രണ്ട് ചെറുപ്പക്കാരുടെ സങ്കടത്തിന്റെ കഥയാണ് നാടോടികാറ്റ്. അവരുടെ സ്ട്രഗിളാണ് സിനിമയില്‍ കാണിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് വേറൊരു രൂപത്തില്‍ ഗാന്ധിനഗറില്‍ കാണിച്ചിരിക്കുന്നത്. ശ്രീനിവാസനെപോലെ ഒരാളെ കൂടെ കിട്ടിയെന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad about his films and Sreenivasan