പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് ആര്‍.എസ്.എസ് ആസ്ഥാനത്ത് കുമ്പസരിക്കുന്ന ജമാഅത്ത് രീതിയിലല്ല ശ്രീധരന്‍ പിള്ള സമസ്ത വേദിയിലെത്തിയത്: സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: സമസ്ത ശതാബ്ദി സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുത്തതിനെയും ജമാഅത്തെ ഇസ്‌ലാമിക്കെതിരായി പ്രമേയം പാസാക്കിയതിനെയും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍.
തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികള്‍ മാത്രമുള്ള വേദിയിലാണ് ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയും പങ്കെടുത്തതെന്നും മറ്റു രാഷ്ട്രീയകക്ഷികളെപ്പോലെ രാജ്യം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെയും രാഷ്ട്രവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് പറയാനുള്ളത് അവരും അവര്‍ക്ക് പറയാനുള്ളത് നമ്മളും കേള്‍ക്കണമെന്ന് ഉദ്ദേശത്തോടെ തന്നെയായിരുന്നു ക്ഷണമെന്നും അദ്ദേഹം വിശദീകരിച്ചു. പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയി കുമ്പസരിക്കുന്ന ജമാഅത്ത് രീതി ആയിരുന്നില്ല എന്നര്‍ത്ഥമെന്നും വിമര്‍ശനങ്ങളോട് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു.
ജമാഅത്ത്, പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു പൊളിറ്റിക്കല്‍/ഇസ്ലാമിസ്റ്റ് സംഘടന അല്ല സമസ്തയെന്നും
സമസ്ത ആത്മീയ കാര്യങ്ങള്‍ ഫോക്കസ് ചെയ്യുന്ന ഒരു സംഘടന ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇക്കാര്യം സ്വാഭാവികമായും സമ്മേളനത്തിന്റെ പ്രതിഫലിക്കും. പാരമ്പര്യ ഇസ്ലാമിന്റെ പാതയില്‍ നിന്നും വിഘടിച്ചു പോയ വഹാബിസവും മൗദൂദിസവും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ജമാഅത്തും പി.എഫ്.ഐയും ഭരണകൂടങ്ങളെ സമീപിക്കുന്ന രീതിയില്‍ തന്നെ സമീപിക്കാന്‍ സമസ്തക്ക് കഴിയില്ല എന്നത് ശരിയാണ്. സമസ്തയുടെ മന്‍ഹജ് സഹിഷ്ണുതയുടെ സൂഫി സരണി ആണല്ലോയെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
സമസ്ത ശതാബ്ദി സമ്മേളനത്തില്‍ 21 പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. നാസ്തിക ലിബറല്‍ കാഴ്ചപ്പാടുകള്‍ മുതല്‍ ഗതാഗത നിയമങ്ങള്‍ വരെ ചര്‍ച്ച അവിടെ ചെയ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളെയും അഡ്രസ് ചെയ്തു. സമസ്തയുടെ പ്രവര്‍ത്തകരെ, പണ്ഡിതന്മാരെ, ഇതര സുന്നി പ്രസ്ഥാനങ്ങളെ, ബിദഇകളെ, മുസ്ലിം പൊതു സമൂഹത്തെ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ, അന്താരാഷ്ട്ര സമൂഹത്തെ- സംവിധാനങ്ങളെ, സ്ത്രീ ജനങ്ങളെ, ഇളം തലമുറയെ. പ്രവാസികളെ… ഭരണകൂടങ്ങള്‍ നടത്തുന്ന വിവേചനങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം അവിടെ ചര്‍ച്ചയായി. പക്ഷേ, ഇതൊന്നും ചിലര്‍ക്ക് വിഷയമല്ല. അവരിപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം അവതരിപ്പിച്ചത് ശരിയായില്ല, ആര്‍.എസ്.എസിനെ പേരെടുത്ത് വിമര്‍ശിച്ചില്ല, ശ്രീധരന്‍ പിള്ളയെ പ്രസംഗിക്കാന്‍ അനുവദിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
സമസ്ത ആത്മീയ കാര്യങ്ങള്‍ ഫോക്കസ് ചെയ്യുന്ന ഒരു സംഘടന ആണ്. ജമാഅത്ത്, പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു പൊളിറ്റിക്കല്‍/ഇസ്ലാമിസ്റ്റ് സംഘടന അല്ല. സ്വാഭാവികമായും സമ്മേളനത്തിന്റെ സ്വഭാവത്തില്‍ അത് പ്രതിഫലിക്കും. പാരമ്പര്യ ഇസ്ലാമിന്റെ പാതയില്‍ നിന്നും വിഘടിച്ചു പോയ വഹാബിസവും മൗദൂദിസവും വിമര്‍ശിക്കപ്പെടും. ആള്‍ക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങളും അരുതെന്ന് സമ്മേളനം ഉറക്കെ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ വേറൊരു ഭാഗത്തു സമസ്ത സുപ്രീംകോടതിയില്‍ നടത്തുന്നുമുണ്ട്. പിന്നെ, ജമാഅത്തും പി.എഫ്.ഐയും ഭരണകൂടങ്ങളെ സമീപിക്കുന്ന രീതിയില്‍ തന്നെ സമീപിക്കാന്‍ സമസ്തക്ക് കഴിയില്ല എന്നത് ശരിയാണ്. സമസ്തയുടെ മന്‍ഹജ് സഹിഷ്ണുതയുടെ സൂഫി സരണി ആണല്ലോ.
തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികള്‍ മാത്രമുള്ള ഒരു വേദിയില്‍ ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍, മറ്റു രാഷ്ട്രീയകക്ഷികളെപ്പോലെ രാജ്യം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെയും ക്ഷണിച്ചു.
നമുക്ക് പറയാനുള്ളത് അവരും അവര്‍ക്ക് പറയാനുള്ളത് നമ്മളും കേള്‍ക്കണമെന്ന് ഉദ്ദേശത്തോടെ തന്നെയായിരുന്നു അത്. പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് ആര്‍എസ്എസ് ആസ്ഥാനത്ത് പോയി കുമ്പസരിക്കുന്ന ജമാഅത്ത് രീതി ആയിരുന്നില്ല എന്നര്‍ത്ഥം. മുസ്ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് സമസ്ത. രാജ്യത്തിന്റെ യഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ സമസ്തക്ക് ബാധ്യതയുണ്ട്. പൊട്ടിത്തെറിക്കുന്ന വൈകാരികതയുടെ ശൈലിയും, എല്ലാം അടിയറവ് വെക്കുന്ന അപ്പോളജിസ്റ്റ് ശൈലിയും സമസ്തയുടെതല്ല. സൂക്ഷ്മതയുടെ മധ്യമ നിലപാടാണ് സമസ്ത.
Content Highlight: Sreedharan Pillai did not come to the Samastha stage in the manner of a Jamaat who confesses at the RSS headquarters: Sathar Panthaloor