വിദ്വേഷപ്രചാരണത്തിനായി ഉപയോഗിക്കരുത്; മദ്രസകളുടെ കാര്യം പറയാന്‍ പാടില്ലെന്ന് തിട്ടൂരം: സത്താര്‍ പന്തല്ലൂര്‍
Kerala
വിദ്വേഷപ്രചാരണത്തിനായി ഉപയോഗിക്കരുത്; മദ്രസകളുടെ കാര്യം പറയാന്‍ പാടില്ലെന്ന് തിട്ടൂരം: സത്താര്‍ പന്തല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 4:37 pm

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിദ്വേഷപ്രചാരണങ്ങളില്‍ പ്രതികരിച്ച് സത്താര്‍ പന്തല്ലൂര്‍. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയ്ക്കെതിരായി നിരവധി വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

മന്ത്രി വിളിക്കുന്ന ചര്‍ച്ചയില്‍ സമസ്ത ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഓണം, ക്രിസ്തുമസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് കല്ല് വെച്ച നുണകളാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

‘വിദ്വേഷ പ്രചാരകരെ കരുതിയിരിക്കുക’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സത്താര്‍ പന്തല്ലൂര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ശരിയാണെന്ന ധാരണയിലാണ് ദീപിക പത്രം ഇന്ന് മുഖപ്രസംഗവും എഴുതിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു പരിഷ്‌കരണം വിവാദമാക്കി, വര്‍ഗീയ ധ്രുവീകരണത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ഇതിനൊന്നും അവസരം കൊടുക്കരുതായിരുതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഈ അവസരം മുതലെടുത്ത് വിദ്വേഷ പ്രചാരണം നടത്താന്‍ പലരും രംഗത്തിറങ്ങിക്കഴിഞ്ഞു.

മാധ്യമങ്ങളുടെ ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം. സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത ചില ആശങ്കകള്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കോടതി വിധിയും ചില അധ്യാപക സംഘടനകളുടെ ഇടപെടലുമൊക്കെയാണ് വിഷയം ഈ അവസ്ഥയിലേക്ക് എത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആദ്യമൊക്കെ വിദ്യാഭ്യാസ മന്ത്രി നിഷേധാത്മക സമീപനം സ്വീകരിച്ചെങ്കിലും ഇപ്പോള്‍ ചര്‍ച്ചക്ക് സന്നദ്ധമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചര്‍ച്ച ചെയ്യാന്‍ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സ്‌കൂള്‍ സമയമാറ്റം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പലവിധത്തില്‍ ദോഷകരമായി ബാധിക്കുന്നതു പോലെ മദ്രസകളേയും ബാധിക്കുമെന്ന് ഈ യോഗത്തില്‍ വിലയിരുത്തി.

സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ സമസ്തയുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉന്നയിക്കാന്‍ ധാരണയായി. നിയമപരമായും മറ്റും എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമേ അതിന്റെ കരട് രേഖ തയ്യാറാക്കുക.

1951 മുതല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന മത വിദ്യാഭ്യാസ സംവിധാനമാണ് സമസ്തയുടെ മദ്രസകള്‍. പതിനായിരത്തിലധികം മദ്രസകളില്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ വ്യവസ്ഥാപിതമായി പഠനം നടത്തുന്ന ബൃഹത്തായ സംവിധാനം.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമം മദ്രസകളെ ബാധിക്കാതിരിക്കാന്‍ 1967 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ (G.O.189/67 Education Dept. Date :28.4.1967) നാടാണ് കേരളം. അഥവാ സര്‍ക്കാറുകള്‍ അത്തരം സംവിധാനങ്ങളെ കൂടി പരിഗണിച്ചിരുന്നുവെന്നര്‍ത്ഥം.

എന്നാല്‍ മദ്രസകളുടെ കാര്യം പറയാന്‍ പാടില്ലെന്ന് തിട്ടൂരവുമായിട്ടാണ് ചിലര്‍ രംഗത്ത് വരുന്നത്. അതൊന്നും തത്ക്കാലം ഇവിടെ വിലപ്പോവില്ല. അതില്‍ വിരണ്ട പല മത സംഘടനകളും മൗനം പാലിക്കുന്നുണ്ടാവും. എന്നാല്‍ വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Sathar Panthaloor  reacts to the criticism against Samastha in school time change controversy