എഡിറ്റര്‍
എഡിറ്റര്‍
സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം
എഡിറ്റര്‍
Wednesday 1st November 2017 1:57pm

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവി, വിവര്‍ത്തകന്‍, നാടകകൃത്ത് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

2010 ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.


Also Read: സങ്കുചിത ദേശീയത ഇന്ത്യയെ വിഭജിച്ചു കൊണ്ടിരിക്കുകയാണ്: സോണിയാ ഗാന്ധി


സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. പുരസ്‌കാരത്തിന്റെ തുക ഈ വര്‍ഷമാണ് ഒന്നര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്.

എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, കവിബുദ്ധന്‍, അഞ്ചുസൂര്യന്‍, പീഡനകാലം, മലയാളം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍.

കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചിലധികം ലേഖന സമാഹാരങ്ങളും പല ലോകം പല കാലം, മൂന്നു യാത്ര എന്നിങ്ങനെ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Advertisement