'എല്ലാം പ്രണയമല്ലേ..' എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ലവ് സ്റ്റോറി ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടി നല്‍കി ശശികുമാര്‍
Indian Cinema
'എല്ലാം പ്രണയമല്ലേ..' എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ലവ് സ്റ്റോറി ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടി നല്‍കി ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th July 2025, 8:01 am

അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.

ഈയിടെ ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും അദ്ദേഹം ഒരുപാട് പ്രശംസ നേടിയിരുന്നു. സിനിമയില്‍ സിമ്രാനൊപ്പമായിരുന്നു ശശികുമാര്‍ അഭിനയിച്ചത്. ഇപ്പോള്‍ അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്രീഡം.

എന്നാല്‍ ഇതിനിടയില്‍ ‘എന്തുകൊണ്ടാണ് ഒരു ലവ് സ്റ്റോറി ചെയ്യാത്തത്’ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ശശികുമാര്‍. ഫ്രീഡം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയിലൂടെ ലവ് സ്റ്റോറി ചെയ്തല്ലോ എന്നായിരുന്നു നടന്റെ മറുപടി. അത് ഫാമിലിമാന്‍ ലവ് സ്റ്റോറിയല്ലേ എന്ന ചോദ്യത്തിന് ‘എല്ലാം പ്രണയമല്ലേ’ എന്ന മറുപടിയാണ് ശശികുമാര്‍ നല്‍കിയത്.

‘ലവ് സ്റ്റോറി ഞാന്‍ ചെയ്തല്ലോ. ടൂറിസ്റ്റ് ഫാമിലിയില്‍ ലവ് സ്റ്റോറി വന്നല്ലോ. അത് ഫാമിലിമാന്‍ ലവ് സ്റ്റോറി ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല (ചിരി). എല്ലാം പ്രണയമല്ലേ. പിന്നെ പ്രണയമൊക്കെ ഞാന്‍ സുന്ദരപാണ്ഡ്യന്‍ സിനിമയില്‍ ചെയ്തല്ലോ.

കുറേ സിനിമകളില്‍ പ്രണയമൊക്കെ കാണിച്ചതല്ലേ. പിന്നെയും അത് തന്നെ ചെയ്താല്‍ ശരിയാവില്ലല്ലോ. കുറച്ച് മാറ്റി അതില്‍ നിന്നും വ്യത്യസ്തമായത് എന്തെങ്കിലുമല്ലേ ഇനി നമ്മള്‍ ചെയ്യേണ്ടത്. അതാണ് ഇപ്പോള്‍ ചെയ്യുന്നത് (ചിരി),’ ശശികുമാര്‍ പറയുന്നു.


Content Highlight: Sasikumar Talks About Love Stories