കോളേജുകളില്‍ സിനിമ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളെ മിസ്‌യൂസ് ചെയ്യുന്നത് ഇഷ്ടമല്ല: ശശികുമാര്‍
Indian Cinema
കോളേജുകളില്‍ സിനിമ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളെ മിസ്‌യൂസ് ചെയ്യുന്നത് ഇഷ്ടമല്ല: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 7:26 pm

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ ഒരാളാണ് ശശികുമാര്‍. ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് 80കളിലെ മധുരൈയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സുബ്രഹ്‌മണ്യപുരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ ഹിറ്റായി മാറി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി വന്നതും ശശികുമാറായിരുന്നു. പിന്നീട് നയാകനായും സംവിധായകനായും ശശികുമാര്‍ തന്റെ കഴിവ് തെളിയിച്ചു.

തന്റെ സിനിമകളുടെ പ്രൊമോഷന് വേണ്ടി കോളേജുകള്‍ ഉപയോഗിക്കരുതെന്ന നിലപാടുള്ളയാളാണ് താനെന്ന് പറയുകയാണ് ശശികുമാര്‍. കോളേജുകളിലോ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചും മറ്റ് പ്രൊമോഷന്‍ പരിപാടികളും വെക്കരുതെന്ന് തന്റെ നിര്‍മാതാക്കളോട് ആദ്യമേ ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിന് വേണ്ടി മാത്രമുള്ളതാണെന്നും അവ പരസ്യത്തിനായി ഉപയോഗിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് ഫാമിലിയുടെ നിര്‍മാതാവിനോട് ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നെന്നും പുതിയ സിനിമയുടെ നിര്‍മാതാവിന് അക്കാര്യം അറിയാമായിരുന്നെന്നും ശശികുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഫ്രീഡത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികള്‍ കോളേജിലോ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ നടത്തുന്നത് ഇഷ്ടമല്ലാത്തയാളാണ് ഞാന്‍. സിനിമയുടെ പ്രൊമോഷന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മിസ്‌യൂസ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. അന്നും ഇന്നും അതിനോട് എനിക്ക് എതിര്‍പ്പാണ്. ഇക്കാര്യം ഞാന്‍ എന്റെ നിര്‍മാതാക്കളോടും പറഞ്ഞിട്ടുണ്ട്.

എന്റെ അവസാനത്തെ രണ്ട് സിനിമകളായ നന്ദന്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുടെ പ്രൊമോഷന് വേണ്ടി കോളേജില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ലെന്ന് അതിന്റെ നിര്‍മാതാക്കളോട് വ്യക്തമാക്കിയിരുന്നു. അവര്‍ ആ സമയത്ത് എന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഈ സിനിമയുടെ നിര്‍മാതാവിനോടും പറഞ്ഞിരുന്നു.

പേഴ്‌സണലായി എന്റെ സിനിമകളെ കോളേജില്‍ പോയി അവിടെ പഠിക്കാന്‍ വന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളോട് കാണണം എന്ന് ആവശ്യപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല. അവര്‍ കോളേജില്‍ വരുന്നത് പഠിക്കാനാണ്. എന്റെ സിനിമകള്‍ കാണണമെന്ന് പറഞ്ഞ് അവരുടെ പഠിപ്പിനെ ഇല്ലാതാക്കുന്നത് ഇഷ്ടമല്ല. ഞാന്‍ അതില്‍ നിന്ന് പലപ്പോഴും മാറിനില്‍ക്കും,’ ശശികുമാര്‍ പറയുന്നു.

Content Highlight: Sasikumar saying he didn’t want to do movie promotions in educational institutions