അന്തിക്കാട് യൂണിവേഴ്‌സിലെ പ്രേത സിനിമ അഥവാ സര്‍വം മായ
D-Review
അന്തിക്കാട് യൂണിവേഴ്‌സിലെ പ്രേത സിനിമ അഥവാ സര്‍വം മായ
അമര്‍നാഥ് എം.
Thursday, 25th December 2025, 3:52 pm

ഹൊറര്‍ കോമഡി ഴോണറിലെത്തുന്ന സിനിമകള്‍ പലതും പ്രേക്ഷകരുമായി കണക്ടാകുന്നതില്‍ പരാജയമാകാറുണ്ട്. രോമാഞ്ചം എന്ന ചിത്രം യൂത്ത് ഓഡിയന്‍സിന് മാത്രം ഇഷ്ടമായതും സുമതി വളവ് പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയതും ആ ഴോണര്‍ കൃത്യമായി കണക്ടാകാത്തതുകൊണ്ടാണ്. അവിടേക്കാണ് അഖില്‍ സത്യന്‍ സര്‍വം മായയുമായി എത്തി വിജയിക്കുന്നത്.

ഹൊറര്‍ കോമഡി എന്നതിനെക്കാള്‍ ഫീല്‍ ഗുഡ് ഹൊറര്‍ എന്നാണ് സര്‍വം മായയെ വിശേഷിപ്പിക്കാനാവുക. സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സില്‍ നിന്ന് ഒരു ഹൊറര്‍ ചിത്രം ഒരുക്കിയാല്‍ എങ്ങനെയുണ്ടാകുമെന്നതിന് സര്‍വം മായ ഒരു ഉദാഹരണമാണ്. സിനിമയില്‍ പ്രേതമുണ്ടെങ്കിലും ഒരിടത്തുപോലും പ്രേക്ഷകരെ പേടിപ്പിക്കുന്നില്ല. സംവിധായകനും നായകനും പേടിപ്പിക്കുന്ന സിനിമകള്‍ ഇഷ്ടമല്ലെന്നും എല്ലാവര്‍ക്കും ഇഷ്ടമാകുന്ന പ്രേതമാണ് ഈ സിനിമയിലേതെന്നും റിലീസിന് മുമ്പ് പറഞ്ഞപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല.

പേരുകേട്ട ഇല്ലത്തെ അംഗമായ പ്രേഭേന്ദു എന്ന നമ്പൂതിരി യുവാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. ദൈവത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് നടക്കുന്ന പ്രേഭേന്ദു ജീവിതച്ചെലവുകള്‍ക്കായി പൂജാ കര്‍മങ്ങള്‍ ചെയ്യുന്നതും പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളുമാണ് സര്‍വം മായയുടെ കഥ. സിറ്റുവേഷണല്‍ കോമഡികളെല്ലാം തന്നെ വര്‍ക്കായിട്ടുണ്ട്.

നിവിന്റെ സേഫ് സോണിലൂടെയാണ് സിനിമ ആദ്യാവസാനം സഞ്ചരിക്കുന്നത്. ഇമോഷണല്‍ സൈഡിലേക്ക് പോകുമ്പോഴെല്ലാം തന്റെ സ്വതസിദ്ധമായ കൗണ്ടറുകള്‍ കൊണ്ട് നിവിന്‍ ചിരിപ്പിക്കുന്നുണ്ട്. പ്രഭേന്ദു എന്ന കഥാപാത്രമായി നിവിനെയല്ലാതെ മറ്റാരെയും സങ്കല്പിക്കാനാകാത്ത വിധം ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. നിവിന് മാത്രം സാധ്യമാകുന്ന ചില പ്രത്യേക എക്‌സ്പ്രഷനുകള്‍ ഈ സിനിമയിലും ആവോളമുണ്ട്. അതെല്ലാം വേറെ ലെവലായിരുന്നു.

നിവിന്റെയൊപ്പം അജുവും നല്ല രീതിയില്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. ആദ്യാവസാനം കോമ്പോ സീനുകളില്ലെങ്കിലും ഇരുവരും സ്‌ക്രീനിലെത്തുന്ന സീനുകളെല്ലാം നന്നായിരുന്നു. പൈസയോട് നല്ല ആര്‍ത്തിയുള്ള ‘തിരുമേനി’ അജുവില്‍ ഭദ്രമായിരുന്നു. കുറച്ചുകാലമായി മിസ്സായിരുന്ന നിവിന്‍- അജു കെമിസ്ട്രി ഈ സിനിമയില്‍ ലഭിച്ചു.

നിവിന്‍ പോളിക്ക് ശേഷം ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടായിരുന്നത് റിയ ഷിബുവിനാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ റിയയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം മോശമായില്ല. കോമഡിയും ഇമോഷണല്‍ രംഗങ്ങളുമെല്ലാം റിയയില്‍ സേഫായിരുന്നു. മികച്ച സിനിമകള്‍ ഇനിയും താരത്തെ തേടിയെത്തട്ടെ. മലയാളത്തിലേക്ക് അരങ്ങേറിയ പ്രീതി മുകുന്ദന് കഥയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും വന്ന സീനുകളെല്ലാം ഗംഭീരമായിരുന്നു. നിവിന് നല്ല രീതിയില്‍ ചേരുന്ന നായികയായിരുന്നു പ്രീതി മുകുന്ദന്‍.

ഹൃദയപൂര്‍വത്തിന് ശേഷം ജനാര്‍ദനനെയും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ച ചിത്രമാണ് സര്‍വം മായ. അദ്ദേഹത്തിന്റെ പ്രായത്തിന് ചേര്‍ന്ന, സ്വല്പം ഹ്യൂമര്‍ ടച്ചുള്ള ക്യാരക്ടറായിരുന്നു ഈ ചിത്രത്തിലേത്. ഏറെക്കാലത്തിന് ശേഷം മധു വാര്യറെയും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും നല്ല കഥാപാത്രമായിരുന്നു അദ്ദേഹത്തിനും. രഘുനാഥ് പലേരിയുടെ പെര്‍ഫോമന്‍സും മനസില്‍ തങ്ങിനില്‍ക്കുന്നതായിരുന്നു.

അല്‍ത്താഫ് സലിം, ജയ കുറുപ്പ്, അല്‍ഫോണ്‍സ് പുത്രന്‍, ആനന്ദ് ഏകര്‍ഷി, അരുണ്‍ അജികുമാര്‍ തുടങ്ങി രണ്ടോ മൂന്നോ സീനുകള്‍ മാത്രമുള്ള കഥാപാത്രങ്ങള്‍ പോലും നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തിന്റെ എന്‍ഡിങ് പെട്ടെന്ന് വന്നതുപോലെ തോന്നിയത് മാറ്റിനിര്‍ത്തിയാല്‍ മനസ് നിറച്ച തിയേറ്റര്‍ അനുഭവമായി സര്‍വം മായ മാറി.

അഖില്‍ സത്യന്‍ ക്യാമറക്ക് പിന്നില്‍ നിറഞ്ഞ ചിത്രമായിരുന്നു ഇത്. വളരെ നല്ലൊരു തിരക്കഥയെ സിനിമാരൂപത്തിലേക്ക് മാറ്റിയതിനൊപ്പം അതിനെ കൃത്യമായി അളന്ന് മുറിച്ച് എഡിറ്റ് ചെയ്തതും അഖില്‍ തന്നെയാണ്. ആദ്യചിത്രമായ പാച്ചുവും അത്ഭുതവിളക്കും പോലെ ഫീല്‍ ഗുഡ് പരിപാടി തന്നെയാണ് അഖില്‍ സര്‍വം മായയിലും ഒരുക്കിയത്.

ജസ്റ്റിന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും ഹൃദ്യമായിരുന്നു. വിനീത് ആലപിച്ച ടൈറ്റില്‍ സോങ്ങ് ഗംഭീരമെന്നേ പറയാനാകൂ. മറ്റ് പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളുമെല്ലാം സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.

ക്രിസ്മസിന് കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും കണ്ട് മനസ് നിറക്കാനാകുന്ന ഒരു പക്കാ ‘ഫീല്‍ ഗുഡ് ഹൊറര്‍’ ചിത്രം എന്ന് സര്‍വം മായയെ വിശേഷിപ്പിക്കാം. ഒപ്പം ബോക്‌സ് ഓഫീസില്‍ നിവിന്റെ തിരിച്ചുവരവും…

Content Highlight: Sarvam Maya movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം