[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചിരുന്നെന്ന ആരോപണം അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി നല്‍കി.[]
സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നെയാണ് തിരുവഞ്ചൂര്‍ പുതിയ നിര്‍ദേശവും നല്‍കിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തിന്റെ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.
ഒരാഴ്ച്ചക്കിടെ നിരവധി തവണ സരിത തിരുവഞ്ചൂരിനെ വിളിച്ചിരുന്നതായും ദീര്‍ഘനേരം സംസാരിച്ചിരുന്നതായുമുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിഷയം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് തിരുവഞ്ചൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായ മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ ഫിറോസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഫിറോസ് ഇപ്പോള്‍ ഒളിവിലാണ്.[]
ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനതന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. സരിത. എസ് നായര്‍ തന്നെയും പറ്റിച്ച് മൂന്ന് ലക്ഷം രൂപ കബളിപ്പിച്ചതായി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫിറോസ് പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ഫിറോസ് കീഴടങ്ങുമെന്നും അദ്ദേഹം ഒളിവിലല്ലെന്നും അഭിഭാഷകന്‍ അജിത് കുമാര്‍ പറഞ്ഞു.
ഫിറോസ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും ജൂണ്‍ 27 മുതല്‍ ഇയാളെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്നാണ് ഇതിനെ തുടര്‍ന്ന് ഫിറോസിനെ പിടിക്കാന്‍ സഹായിക്കണമെന്ന് അയല്‍ സംസ്ഥാനങ്ങളിലെ പോലീസിനോടും ആവശ്യപ്പെട്ടിട്ടത്. മൂന്ന് വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
കൂടാതെ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പി.എ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. []
ജാമ്യം ലഭിച്ചാല്‍ ഉന്നത ബന്ധം ഉപയോഗിച്ച് ജോപ്പന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് ജോപ്പന്‍. കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.
ജോപ്പനെതിരെ പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരാണ് 40 ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി നല്‍കിയത്. മുഖ്യപ്രതി ##സരിത നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.
ശ്രീധരന്‍ നായരെ ##മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം ജോപ്പനും സരിതയും ചേര്‍ന്ന് ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജോപ്പനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ യൂണിറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ആദ്യ ഗഡുവായാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ നല്‍കിയത്. ഒന്നരക്കോടി രൂപയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്.
