മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ വലയിലാക്കുന്ന സെക്‌സ് ലോബികളുണ്ട്: വെളിപ്പെടുത്തലുമായി സരിത
Daily News
മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ വലയിലാക്കുന്ന സെക്‌സ് ലോബികളുണ്ട്: വെളിപ്പെടുത്തലുമായി സരിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2015, 10:12 am

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത നായര്‍. സ്ത്രീകളെ വലയിലാക്കുകയും കൈമാറുകയും ചെയ്യുന്ന ഒരു ലോബി തന്നെ മന്ത്രിമാര്‍ക്കിടയിലുണ്ടെന്നും സരിത പറഞ്ഞു. മാധ്യമപ്രവര്‍ത്തക സുനിത ദേവദാസുമായി സരിത നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്‌. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഒരു മന്ത്രി ഒരു സ്ത്രീയെ കെണിയില്‍പ്പെടുത്തി ശാരീരികമായി ഉപയോഗിച്ച് കഴിഞ്ഞാല്‍ അടുത്ത മന്ത്രിക്കു കൈമാറും. അയാള്‍ ഉപയോഗിച്ചാല്‍ അടുത്തയാള്‍ക്ക് കൈമാറും. ഈ രീതിയിലാണ് മന്ത്രിമാര്‍ക്കിടയിലെ ലോബി പ്രവര്‍ത്തിക്കുന്നത്. മൂന്നുമന്ത്രിമാരും ഒരു എം.പിയും ഈ ലോബിയിലുണ്ടെന്നും സരിത പറയുന്നു.

അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍ മന്ത്രിമാര്‍ ഇനിയുമുണ്ടെന്നായിരുന്നു സരിതയുടെ മറുപടി. മുമ്പ് സമാനമായ കേസില്‍ അകപ്പെട്ടിട്ടുള്ള ലീഗ് നേതാവിനെക്കുറിച്ചും സരിത പരാമര്‍ശിക്കുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയതെന്നും ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണമധ്യേ വ്യക്തമാക്കുന്നു.

ടീം സോളാര്‍ കമ്പനിക്ക് കരാറുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് പലരും തന്നെ ശാരീരികമായി ചൂഷണം ചെയ്തത്. എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതി തന്റെ ടെസ്റ്റ് ഡോസായിരുന്നെന്നും സരിത  പറയുന്നു. ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കില്‍ പരാതി നല്‍കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിക്കു പുറമേ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.

അതിനിടെ, ഓഡിയോ ടേപ്പിലെ വെളിപ്പെടുത്തല്‍ നിഷേധിച്ച് സരിത രംഗത്തുവന്നിട്ടുണ്ട്. “ഇത് എന്റെ ശബ്ദമല്ല. ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം.” എന്നാണ് സരിത പറയുന്നത്.

ഒരു സ്ത്രീ അവരുടെ മകളുടെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ കണ്ടപ്പോള്‍ അയാള്‍ അവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഈ സംഭവങ്ങള്‍ ആ സ്ത്രീ റെക്കോര്‍ഡ് ചെയ്ത് പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ സരിത ഇടപെട്ടാണ് അത് തടഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തുന്നു. ആ സ്ത്രീയുടെ മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും സരിത കൈക്കലാക്കുകയായിരുന്നു. അത് ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് സരിത അവകാശപ്പെടുന്നുമുണ്ട്.

സരിതയുടെ നിസ്സഹായാവസ്ഥ കൂടി കേരളം ചര്‍ച്ച ചെയ്യണം: സുനിത ദേവ്ദാസ്

ഇതൊരു സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമല്ല. ഒരു സ്ത്രീ ബിസിനസ് രംഗത്തേക്ക് കടക്കുമ്പോള്‍ ഭരണകൂടം അവരെ ഏതു തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്നാണ് സരിതയുടെ ഈ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കേരളം സരിതയുടെ നിസ്സഹായാവസ്ഥ കൂടി ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതിനിടെ ഓഡിയോയിലുള്ളത് സരിതയുടെ ശബ്ദമാണെന്നു തെളിയിക്കാന്‍ ഏതു പരിശോധനയ്ക്കും തയ്യാറാണെന്ന് സുനിത പറഞ്ഞു. സരിത ഇതു നിഷേധിക്കുമ്പോള്‍ അവരുടെ നിസ്സഹായാവസ്ഥ ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ്. സരിത ഇതുവരെ സംസാരിച്ചത് ഒരു സ്ത്രീയുടെ ശബ്ദത്തിലല്ല. ഒരു സ്ത്രീയ്ക്ക് സ്വതന്ത്രമായ ഒരു നിലനില്‍പ്പ് ഇല്ലാത്ത സമൂഹമാണ് നമ്മുടേത്. ഒന്നുകില്‍ ഭര്‍ത്താവിന്റേത്, അല്ലെങ്കില്‍ കാമുകന്റേത്, അല്ലെങ്കില്‍ മറ്റേതെങ്കിലും പുരുഷന്റെ തണലില്‍ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുകയാണ്.

സരിത ഇപ്പോഴും പറയുന്നത് അവരുടെ നിലപാടല്ല. സരിത എന്ത് സംസാരിക്കണം, എപ്പോള്‍ സംസാരിക്കണം, എന്ത് ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കേരളത്തിലെ ചില പുരുഷന്മാരാണ്. അവര്‍ ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചതും ആ പുരുഷന്മാരുടെ സമ്മര്‍ദ്ദഫലമാണ്.

സരിത ഈ കാര്യം നിഷേധിക്കാന്‍ രണ്ടു കാരണങ്ങളാണുള്ളത്. ഒന്നുകില്‍ ബ്ലാക്‌മെയില്‍. അല്ലെങ്കില്‍ ഭയം. അതുകാരണമാണ് അവര്‍ ഈ വാക്കുകള്‍ നിഷേധിക്കുന്നത്.

സഹായം തേടുന്ന സ്ത്രീകളെ വാണിഭം ചെയ്യുന്ന മന്ത്രിമാര്‍: സുനിത ദേവദാസ് സംസാരിക്കുന്നു