'ട്രെബിളിലെ' ഒന്നാമനും മൂന്നാമനും; സാക്ഷാല്‍ കിങ്ങിന് പോലുമില്ലാത്ത നേട്ടത്തില്‍ സര്‍ഫറാസ്
Cricket
'ട്രെബിളിലെ' ഒന്നാമനും മൂന്നാമനും; സാക്ഷാല്‍ കിങ്ങിന് പോലുമില്ലാത്ത നേട്ടത്തില്‍ സര്‍ഫറാസ്
ഫസീഹ പി.സി.
Sunday, 25th January 2026, 3:50 pm

രഞ്ജി ട്രോഫിയില്‍ മിന്നും ബാറ്റിങ് നടത്തി സര്‍ഫറാസ് ഖാന്‍ തിളങ്ങിയിരുന്നു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. 219 പന്തുകള്‍ നേരിട്ട താരം 227 റണ്‍സാണ് ചേര്‍ത്തത്.

19 ഫോറും ഒമ്പത് സിക്സും അടക്കമായിരുന്നു സര്‍ഫറാസിന്റെ ഈ ഇന്നിങ്സ്. ആഭ്യന്തര ലീഗിലെ മിന്നും പ്രകടനത്തോടെ താരം ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഒരോ സീസണില്‍ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി, ലിസ്റ്റ് എ 150, ടി – 20 സെഞ്ച്വറി എന്നിവ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കുറിച്ചത്.

സര്‍ഫറാസ് ഖാന്‍ വിജയ് ഹസാര ട്രോഫിയില്‍ സെഞ്ച്വറിയടിച്ചപ്പോള്‍- Photo: johns/x.com

നേരത്തെ, സര്‍ഫറാസ് വിജയ് ഹസാരെയില്‍ 150ഉം മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറിയും നേടിയിരുന്നു. വിജയ് ഹസാരെയില്‍ ഗോവക്കെതിരെ 75 പന്തില്‍ 157 റണ്‍സാണ് എടുത്തത്. 209.33 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത മുംബൈ ബാറ്ററില്‍ നിന്ന് 14 സിക്‌സറുകളും ഒമ്പത് ഫോറുമാണ് അതിര്‍ത്തി കടന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിന് എതിരെയാണ് സര്‍ഫറാസിന്റെ വെടിക്കെട്ട്. ഈ മത്സരത്തില്‍ 47 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് താരം എടുത്തത്. ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമടക്കാമാണ് താരത്തിന്റെ ഈ ഇന്നിങ്സ്.

അലക്സ് ഹെയ്ൽസും ഡാനിയൽ ബെൽ ഡ്രമ്മണ്ടും. Photo: ECB/x.com

ഈ പ്രകടനത്തോടെ സര്‍ഫറാസ് ഒരു എലീറ്റ് ലിസ്റ്റിന്റെയും ഭാഗമായി. ഒരോ സീസണില്‍ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി, ലിസ്റ്റ് എ 150, ടി – 20 സെഞ്ച്വറി എന്നിവ നേടുന്ന അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് ബാറ്റര്‍ തന്റെ പേരും ചേര്‍ത്തുവെച്ചത്. മുംബൈ താരത്തിന് മുമ്പ് രണ്ട് താരങ്ങള്‍ മാത്രമാണ് ഇത്തരമൊരു പ്രകടനം നടത്തിയത്.

2016ല്‍ ഇംഗ്ലണ്ട് താരമായ ഡാനിയല്‍ ബെല്‍ ഡ്രമ്മണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2023ല്‍ ഒരിക്കല്‍ കൂടി താരം ഈ പ്രകടനം ആവര്‍ത്തിച്ചു. മൂന്ന് ഫോര്‍മാറ്റിലും 100+ പ്രകടനം നടത്തിയ മറ്റൊരു താരം അലക്‌സ് ഹെയ്ല്‍സായിരുന്നു. 2017ലായിരുന്നു താരം ഇങ്ങനെ 200, 150, 100 പ്രകടനം നടത്തിയത്.

Content Highlight: Sarfaraz Khan became first Indian and third player to hit First class 200, List A 150 and T20 century in same season

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി