മലയാളികളുടെ ഇഷ്ടമത്സ്യങ്ങളില്‍ ഒന്നാണ് മത്തി. ചെറിയ മത്തിമുതല്‍ നെയ്യുള്ള വലിയ മത്തിവരെ മലയാളികള്‍ക്ക് ഒരുപോലെ പ്രിയമാണ്. കറിയായും വരട്ടിയും വറുത്തുമെല്ലാം മത്തി ഉപയോഗിക്കും. മത്തിമേലോടുവച്ചതിന്റെ റെസിപ്പിയാണ് ഇത്തവണ. ചോറിനൊപ്പവും പ്രാതലിനൊപ്പവും കപ്പയ്‌ക്കൊപ്പവുമൊക്കെ കഴിക്കാന്‍ സാധിക്കും.
1 മത്തി അരകിലോഗ്രാം
2 ഉണക്കനെല്ലിക്കകുതിര്‍ത്ത് അരച്ചത് നാല് ടീസ്പൂണ്‍
3 മുളകുപൊടി 2 ടീസ്പൂണ്‍
4 മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
5 കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
6 തക്കാളി 2 എണ്ണം
7 കാന്താരി മുളക് 5എണ്ണം
9 വെളുത്തുള്ളി 10 അല്ലി
9 ഇഞ്ചി ചെറിയ കഷണം
10 കറിവേപ്പില ആവശ്യത്തിന്
11 ഉപ്പ് ആവശ്യത്തിന്
12 വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മത്തി മുറിച്ച് വൃത്തിയാക്കി വെള്ളം വാര്‍ത്ത് വയ്ക്കുക. ഇതിലേക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് 15 മിനിറ്റുനേരം വയ്ക്കുക.
മണ്‍ചട്ടിയിലാണ് മത്തിമേലോടുവെച്ചത് ഉണ്ടാക്കുക. ഒരു മണ്‍ ചട്ടിയില്‍ നേരത്തെ തയ്യാറാക്കിവെച്ച മത്തി ഇട്ട് അതിലേക്ക് നെല്ലിക്ക അരച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. തക്കാളിയും ഇതില്‍ അരിഞ്ഞ് ചേര്‍ക്കുക. കാല്‍ക്കപ്പ് വെള്ളം ഒഴിക്കുക. ഇത് അടുപ്പിലേക്ക് വയ്ക്കുക.
തിളച്ചുവരുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റാക്കിയും കാന്താരിമുളക് ചതച്ചും ചേര്‍ക്കുക. ഈ മിശ്രിതം നന്നായി തിളച്ച് വറ്റി കുറുകാന്‍ തുടങ്ങുമ്പോള്‍ തീ നന്നായി കുറയ്ക്കുക. മണ്‍ചട്ടിയുടെ അടപ്പിന് മുകളില്‍ ചേരി കത്തിച്ച കനല്‍ ഇടുക. വെള്ളം നന്നായി വറ്റിയാല്‍ കറിവേപ്പിലയും വെള്ളിച്ചെണ്ണയും ചേര്‍ക്കുക.
