അദ്ദേഹത്തിന്റെ സൗമ്യമായ മുഖം കാണുമ്പോള്‍ തന്നെ നമ്മുടെ മുഴുവന്‍ പേടിയും മാറും: ശരത്
Malayalam Cinema
അദ്ദേഹത്തിന്റെ സൗമ്യമായ മുഖം കാണുമ്പോള്‍ തന്നെ നമ്മുടെ മുഴുവന്‍ പേടിയും മാറും: ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th July 2025, 8:21 am

1994ല്‍ സ്വഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ശരത് ദാസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ശരത് അവതരിപ്പിച്ചു. സീരിയല്‍ രംഗത്തും ശരത് സജീവമാണ്. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശരത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ശരത്തിനെ തേടിയെത്തിയിരുന്നു.

സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍ എന്ന ചിത്രത്തില്‍ ശരത് ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം അന്ന് പരാജയപ്പെട്ടെങ്കിലും പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഈയിടെ സിനിമ തിയേറ്റുകളില്‍ റീറിലീസ് ചെയ്യുകയും ഉണ്ടായി. ഇപ്പോള്‍ സംവിധായകന്‍ സിബി മലയിലിനെ കുറിച്ചും ദേവദൂതന്‍ സിനിമയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ അനുഭവവും പങ്കുവെക്കുകയാണ് ശരത്.

‘എല്ലാവരും പറയുന്നതുപോലെ സിബി സാറിന്റെ ആ സൗമ്യമായ മുഖം കാണുമ്പോള്‍ തന്നെ നമ്മള്‍ക്ക് പകുതി സമാധാനം ആകും. ആദ്യമായിട്ട് അഭിനയിക്കാന്‍ ചെന്നാലും ആ മുഖം കാണുമ്പോള്‍ തന്നെ പകുതിയല്ല, മുഴുവന്‍ പേടിയും അങ്ങ് മാറും,’ശരത് പറയുന്നു.

ദേവദൂതനില്‍ താന്‍ അഭിനയിക്കാന്‍ ചെല്ലുമ്പോളാണെങ്കിലും വളരെ ചിരിച്ച് കൊണ്ട് കാര്യങ്ങളൊക്കെ സൗമ്യമായി പറഞ്ഞു തരുന്ന സിബി മലയിലിനെയാണ് തനിക്ക് കാണാന്‍ സാധിച്ചതെന്നും നടന്‍ പറയുന്നു.

‘തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനൊക്കെ സമാധാനപരമായ ഇടപെടലാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അങ്ങനെയൊരു സൗമ്യനായ വളരെ ക്രിയേറ്റീവായ ആയിട്ടുള്ള ഒരു സംവിധായകന്‍, മലയാളത്തിന്റെ ഭാഗ്യമാണ്. അതാണ് എനിക്ക് സിബി സാറിനെ കുറിച്ച് പറയാനുള്ളത്,’ശരത് പറയുന്നു.

Content Highlight: Sarath talks about director Sibi Malayil