അംബാനിയുടെ ആ കാര്‍ കണ്ട് പേടിക്കാത്ത സിനിമാപ്രേമികള്‍ ചുരുക്കം, ഇന്ന് അത് വിശ്രമിക്കുന്നത് മോഹന്‍ലാലിന്റെ ഗാരേജില്‍
Malayalam Cinema
അംബാനിയുടെ ആ കാര്‍ കണ്ട് പേടിക്കാത്ത സിനിമാപ്രേമികള്‍ ചുരുക്കം, ഇന്ന് അത് വിശ്രമിക്കുന്നത് മോഹന്‍ലാലിന്റെ ഗാരേജില്‍
അമര്‍നാഥ് എം.
Monday, 19th January 2026, 5:05 pm

സിനിമകള്‍ക്കൊപ്പം അതിലെ വണ്ടികളും മറ്റ് വസ്തുക്കളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടാറുണ്ട്. നായകന്റെയോ വില്ലന്റെയോ വാഹനത്തിന് പ്രത്യേക ഫാന്‍ ബെയ്‌സ് വരെ ഉണ്ടായിട്ടുണ്ട്. സ്ഫടികത്തിലെ ലോറി, വല്യേട്ടനിലെ ബെന്‍സ്, പറക്കും തളികയിലെ ബസ് തുടങ്ങിയ വാഹനങ്ങളെല്ലാം വലിയ ഫാന്‍ ബേസുള്ളവയാണ്.

നായകന്റെ മാത്രമല്ല, വില്ലന്റെ വാഹനങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പടാറുണ്ട്. ജോണി വാക്കറില്‍ സാമിയുടെ കാര്‍, ഹൈവേയിലെ ജീപ്പ് തുടങ്ങിയവ അതിന് ഉദാഹരണമാണ്. അത്തരത്തില്‍ വില്ലന്മാരിലൂടെ ശ്രദ്ധ നേടിയ മറ്റൊരു കാറുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത നിര്‍ണയം എന്ന ചിത്രത്തിലെ വില്ലന്റെ കാര്‍ ആരും മറക്കാനിടയില്ല.

ശരത് സക്‌സേന അവതരിപ്പിച്ച ഇഫ്തി എന്ന കഥാപാത്രം ഉപയോഗിക്കുന്നത് പഴയകാല കാറായ കാഡിലാക്കാണ്. ഈ കാര്‍ മലയാളസിനിമയിലേക്ക് എത്തുന്നതിന് മുമ്പ് കൈവശം വെച്ചതാകട്ടെ സാക്ഷാല്‍ ധീരുഭായ് അംബാനിയും. 1985 മോഡല്‍ കാഡിലാക് ഫ്‌ളീറ്റ്‌വുഡ് ബ്രോഹാം കാര്‍ അമേരിക്കയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതായിരുന്നു.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായ ഈ കാര്‍ അംബാനിയുടെ അടുത്ത് നിന്ന് മോഹന്‍ലാലിന്റെ ബന്ധുവും നിര്‍മാതാവുമായ സുരേഷ് ബാലാജി സ്വന്തമാക്കുകയായിരുന്നു. പിന്നീട് സംഗീത് ശിവന്‍ നിര്‍ണയം ഷൂട്ട് ചെയ്യുന്ന സമയത്ത് വില്ലന്റെ കാറായി തെരഞ്ഞെടുത്തത് സുരേഷിന്റെ കാഡിലാക്കാണ്. MAS 2100 എന്ന നമ്പര്‍ പ്ലേറ്റും കാറിന്റെ വൈഡ് ആംഗിള്‍ ഷോട്ടും സിനിമയോടൊപ്പം ചര്‍ച്ചയായി.

സിനിമയില്‍ എപ്പോഴെല്ലാം ഇഫ്തിയുടെ കാര്‍ കാണിക്കുന്നുണ്ടോ, അപ്പോഴെല്ലാം പ്രേക്ഷകനില്‍ വല്ലാത്ത ഭീതി ജനിക്കുന്നുണ്ട്. ആര്‍. ആനന്ദ് ഒരുക്കിയ പശ്ചാത്തല സംഗീതം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളികളെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ച കാര്‍ ഏതെന്ന് ചോദിച്ചാല്‍ പലരുടെയും ആദ്യ ഉത്തരം ഈ കാഡിലാക് തന്നെയായിരിക്കും.

അംബാനിയില്‍ നിന്ന് സുരേഷ് ബാലാജി സ്വന്തമാക്കിയ ഈ കാര്‍ ഇപ്പോള്‍ കേരളത്തിലാണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ഗാരേജിലാണ് ഈ MAS 2100 കാഡിലാക് ക്ലാസിക് വിശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷം സുരേഷ് ബാലാജിയില്‍ നിന്ന് മോഹന്‍ലാല്‍ ഈ കാര്‍ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ കൈവശം വെച്ച കാര്‍ ഇന്ന് മലയാളത്തിന്റെ സൂപ്പര്‍താരം സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Sarat Saxena’s car in Niranayam movie owned by Dhirubhai Ambani now it’s owned by Mohanlal

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം