കിട്ടിയ സിനിമകള്‍ ഓര്‍ക്കുമ്പോള്‍ സന്തോഷം; അന്നും ഇന്നും എക്‌സൈറ്റ്‌മെന്റ് തോന്നാറില്ല: ശരണ്യ
Malayalam Cinema
കിട്ടിയ സിനിമകള്‍ ഓര്‍ക്കുമ്പോള്‍ സന്തോഷം; അന്നും ഇന്നും എക്‌സൈറ്റ്‌മെന്റ് തോന്നാറില്ല: ശരണ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th July 2025, 1:06 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ. 1997ല്‍ ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ബാലതാരമായി സിനിമയിലേക്ക് എത്തുന്നത്. ഒപ്പം ചിത്രത്തിന്റെ തമിഴ് റീമേക്കായ കാതലുക്കു മരിയാദൈ എന്ന പടത്തിലും ബാലതാരമായി ശരണ്യ അഭിനയിച്ചിരുന്നു.

പിന്നീട് മമ്മൂട്ടി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ഹരികൃഷ്ണന്‍സ് എന്ന ഹിറ്റ് ചിത്രത്തിലും നടി ബാലതാരമായി അഭിനയിച്ചു. രക്തസാക്ഷികള്‍ സിന്ദാബാദ് സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പവും ശരണ്യയ്ക്ക് അഭിനയിക്കാനായി.

ശേഷം ഒരുപാട് സിനിമകളുടെ ഭാഗമായ നടിയെ കെമിസ്ട്രി എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് മലയാളികള്‍ ഇന്നും ഓര്‍ക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഏറെ പ്രശസ്തയാണ് ശരണ്യ. യാരടി നീ മോഹിനി, വെണ്ണിലാ കബഡിക്കുഴു, ഈറം, വേലായുധം, ഒസ്‌തേ എന്നിവയൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രങ്ങളാണ്.

ഇപ്പോള്‍ തന്റെ ആദ്യ സിനിമയായ അനിയത്തി പ്രാവിനെ കുറിച്ച് പറയുകയാണ് ശരണ്യ. ആ സമയത്ത് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും ആളുകളൊക്കെ തന്നെ തിരിച്ചറിയുമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നും നടി പറയുന്നു.

‘സത്യത്തില്‍ അനിയത്തി പ്രാവിന്റെ സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ആ സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്നോ പിന്നീട് ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിക്കുമെന്നോ എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.

ആളുകളൊക്കെ പിന്നീട് എന്നെ തിരിച്ചറിയുമെന്നോ ചിന്തിച്ചിരുന്നില്ല. പിന്നെ ഞാന്‍ ആ സമയത്ത് മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നല്ലോ. അന്നൊന്നും എനിക്ക് സിനിമയെ കുറിച്ചോര്‍ത്ത് എക്സൈറ്റ്മെന്റൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം എന്നോട് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ എവിടെ വെച്ചാണേലും ഡാന്‍സ് കളിക്കുകയും ചെയ്യും. അത് മാത്രമേയുള്ളൂ. അന്നാണേലും ഇന്നാണേലും എനിക്ക് വലിയ എക്സൈറ്റ്മെന്റൊന്നും തോന്നാറില്ല എന്നതാണ് സത്യം.

കിട്ടിയ അവസരങ്ങളും സിനിമയും ഓര്‍ക്കുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട്. എങ്കിലും ഞാന്‍ സിനിമയില്‍ അഭിനയിച്ച ആളാണെന്നോ എന്നെ ആളുകള്‍ തിരിച്ചറിയുമെന്ന എക്സൈറ്റ്മെന്റോ എനിക്കില്ല. അപ്പോഴും വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുമുണ്ട്,’ ശരണ്യ പറഞ്ഞു.

Content Highlight: Saranya Mohan Talks About Her Movies