വേട... ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് അതിജീവിതയോട് മാപ്പപേക്ഷിക്കുക; നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്: സാറ ജോസഫ്
Kerala News
വേട... ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് അതിജീവിതയോട് മാപ്പപേക്ഷിക്കുക; നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്: സാറ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 11:48 am

തൃശൂര്‍: ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ അതിജീവിതയോട് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് വേടന്‍ മാപ്പപേക്ഷിക്കണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുതെന്നും സാറ ജോസഫ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാറ ജോസഫിന്റെ പ്രതികരണം.

‘എന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ് വേടന്‍ മാപ്പ് പറയണം’ എന്ന് കേരളീയം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാറ ജോസഫിന്റെ കുറിപ്പ്.

ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ നിലവിളികളായി മണ്ണിനടിയില്‍ നിന്ന് ആഞ്ഞുയരുന്നത് വേടന്‍ കേള്‍ക്കണമെന്നും സാറ ജോസഫ് പറഞ്ഞു. അതില്‍ കുഞ്ഞുപെണ്‍മക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ട് കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസില്‍ നിന്ന് മായരുതെന്നും സാറ ജോസഫ് പറഞ്ഞു.

ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്, നിന്റെ ചേച്ചിമാരുടെ, അനിയത്തിമാരുടെ, സ്‌നേഹിതമാരുടെ, അമ്മമാരുടെ നേര്‍ക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ എന്ന് വേടന്‍ തിരിച്ചറിയണമെന്നും സാറ ജോസഫ് കുറിച്ചു.

ഒരു ദളിത് പെണ്‍കുട്ടി സമൂഹത്തില്‍ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വര്‍ണവിവേചനം, വര്‍ഗവിവേചനം എന്നിവയോടൊപ്പം സ്വന്തം സമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇവരെ കുറിച്ചെല്ലാം വേടന്‍ പാടണമെന്നും സാറ ജോസഫ് ആവശ്യപ്പെട്ടു. മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്ന് കേള്‍ക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണമെന്നും അതിനെ കൊടുങ്കാറ്റാക്കി മാറ്റണമെന്നും സാറ ജോസഫ് പറഞ്ഞു.

അതിന് നിനക്ക് ശക്തി കിട്ടണമെങ്കില്‍ നിന്റെ മനസില്‍ കുറ്റബോധമില്ലാതിരിക്കണമെന്നും സാറ ജോസഫ് പറഞ്ഞു.
ഇതുവരെ ചെയ്തവരുടേതല്ലാ നിന്റെ വഴിയെന്നും സാറ ജോസഫ് പറയുന്നു.

Content Highlight: Sara Joseph wants vedan to confess his mistakes and apologize to the survivor who raised assault allegations