ബിജു മേനോന്റെ ശരിയായ സ്വഭാവം ഇതാണ്; അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്: സന്തോഷ് ടി. കുരുവിള
സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ നടൻ ബിജു മേനോൻ വീണ്ടും ചർച്ചയാകുകയാണ്. നിർമാതാക്കളുടെ ആരോപണങ്ങൾക്കും സംഘടനയുടെ ഇടപെടലിനും പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള.
ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യത്തിന് നടന്നില്ലെന്നാരോപിച്ച് നിർമാതാവും സംവിധായകനുമായ അനൂപ് കണ്ണൻ രംഗത്തെത്തിയിരുന്നു. പ്രൊമോഷൻ മുടങ്ങിയതോടെ ഒ.ടി.ടി വഴി ലഭിക്കേണ്ടിയിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതോടെ നിർമാതാക്കളുടെ സംഘടന 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതും വലിയ ചർച്ചയായിരുന്നു.

നടന്ന സംഭവം, Photo: YouTube/ Screengrab
എന്നാൽ ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് സന്തോഷ് ടി. കുരുവിള പങ്കുവെച്ചത്. മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ബിജുമേനൻ എന്ന് പറയുന്ന ആക്ടർ ഗംഭീര ആക്ടർ ആണ്. ബിജുമേനോനെ നന്നായിട്ട് അറിയാവുന്നവർ അയാളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അതേ പ്രതീക്ഷിക്കാവു, എന്റെ കൂടെ പ്രവർത്തിച്ച സമയത്ത് ബിജു മേനോൻ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല. കൃത്യസമയത്ത് എത്തുകയും ആവശ്യമായ ഇന്റർവ്യൂകൾക്ക് പങ്കെടുക്കുകയും ചെയ്തിരുന്നു. ഒരു നടനെ സിനിമയിൽ കൊണ്ടുവന്നു. ആ നടനിൽ നിന്ന് ഇത്രയേ കിട്ടത്തുള്ളൂവെന്ന ചിന്ത പ്രൊഡ്യൂസർക്ക് വേണം,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

നടന്ന സംഭവം, Photo: YouTube/ Screengrab
ഇന്നുവരെ ബിജു മേനോൻ പ്രൊമോഷൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ആളല്ലെന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു. പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പ്രതിഫലം കുറയ്ക്കുന്നതുപോലുള്ള രീതികൾ താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലം വ്യക്തമാക്കാതെ മുന്നോട്ട് പോകാൻ താൻ തയ്യാറാകില്ലെന്നും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ടൊന്നും ഇത്തരത്തിലുള്ള പ്രൊമോഷൻ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒരു പോസ്റ്റ് പോലും ഇടാൻ ബിജു മേനോനോട് താൻ ആവശ്യപ്പെടാറില്ലെന്നും സന്തോഷ് വ്യക്തമാക്കി. ‘സുഹൃത്തുക്കൾക്ക് വേണ്ടി ചത്തു നിൽക്കുന്ന ഒരാളാണ് ബിജുമേനോൻ. ഓരോരുത്തർക്കും ഓരോ ക്യാരക്ടർ അല്ലെ,’ എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.