ആക്ഷന് പ്രാധാന്യമുളള കഥാപാത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ശാന്തി ബാലചന്ദ്രന്‍. തിരക്കഥയിലും അങ്ങനെ ചില ആഗ്രഹങ്ങളുണ്ടെന്നും ചില സിനോപ്സിസ് തയ്യാറാക്കിവെച്ചിട്ടുണ്ടെന്നും ശാന്തി പറഞ്ഞു. ഒറ്റയ്ക്ക് എഴുതിയാല്‍ ശരിയാകുമോ എന്ന പേടി തനിക്കുണ്ടെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
വളരെ കുറച്ച് സിനിമകള്‍ ചെയ്തതിന് പിന്നിലെ കാരണങ്ങളെ കുറിച്ചും ശാന്തി സംസാരിച്ചു. സ്റ്റാര്‍ ആക്ടര്‍ അല്ലാത്തതുകൊണ്ട് വരുന്ന സ്‌ക്രിപ്റ്റുകള്‍ കുറവായിരിക്കുമെന്നും നല്ലത് തെരഞ്ഞെടുക്കുക എന്ന ഓപ്ഷന്‍ മാത്രമേയുള്ളുവെന്നും അവര്‍ പറഞ്ഞു. ചെയ്യുന്നത് ഹിറ്റായില്ലെങ്കില്‍ പിന്നീട് സിനിമകള്‍ കുറവാകുമെന്നും ശാന്തി പറഞ്ഞു.
‘ജെല്ലിക്കെട്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ പരീക്ഷണ സിനിമകളാണ് ഞാന്‍ കൂടുതലും ചെയ്തിട്ടുള്ളത്. ‘ലോകയിലൂടെ ജനപ്രിയ സിനിമയുടെ ഭാഗമാവാനായി. പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ‘ലോക’യ്ക്ക് കിട്ടിയത്,’ ശാന്തി പറയുന്നു.
ഓക്‌സ്ഫഡിലെ പഠനം വിട്ടപ്പോള്‍ വീട്ടുകാര്‍ക്ക് ആ തീരുമാനം ഉള്‍ക്കൊള്ളാന്‍ ആദ്യം കുറച്ച് ബുദ്ധി മുട്ടായിരുന്നുവെന്നും നല്ല സ്‌കോളര്‍ഷിപ്പോടെ അവസരം വന്നിട്ടും അതുപേക്ഷിച്ച് സ്ഥിരതയില്ലാത്ത ഇടത്തിലേക്ക് പോകുന്നത് ഓക്കെയായി തോന്നില്ലയെന്നും ശാന്തി പറഞ്ഞു. സിനിമാമേഖല അങ്ങനെയാണെന്നും അവര്‍ പറഞ്ഞു. തന്റെ സന്തോഷത്തിനാണ് സിനിമ ചെയ്യുന്നതെന്ന് മനസിലാക്കിയപ്പോള്‍ വീട്ടുകാര്‍ ഓക്കെയായെന്നും അവരെപ്പോഴും പിന്തുണ തന്നിട്ടുണ്ടെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ കോ റൈറ്ററാണ് ശാന്തി. ആഗോളതലത്തില്‍ 300 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനമ കേരളത്തിന് പുറത്തും തരംഗമായിരുന്നു.
Content highlight: Santhy Balachandran says she wants to play a character with an action-oriented focus