സ്‌കൂട്ടറില്‍ മടങ്ങുമ്പോൾ കിട്ടിയതാണ് രാമന്റെ ഏദന്‍തോട്ടത്തിലെ വരികൾ: സന്തോഷ് വര്‍മ
Malayalam Cinema
സ്‌കൂട്ടറില്‍ മടങ്ങുമ്പോൾ കിട്ടിയതാണ് രാമന്റെ ഏദന്‍തോട്ടത്തിലെ വരികൾ: സന്തോഷ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd July 2025, 9:11 pm

പ്രശസ്ത സംഗീത ഗാനരചയിതാവും സംഗീത സംവിധായകനുമാണ് സന്തോഷ് വർമ. രാമൻ്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയത് സന്തോഷാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചത് ബിജിബാല്‍ ആണെന്നും സിനിമയുടെ കഥയും പാട്ടുകളുടെ സന്ദര്‍ഭവും സംവിധായകനുമായി ചര്‍ച്ച ചെയ്ത് മടങ്ങുന്നതിനിടെയാണ് പാട്ടിന്റെ വരികള്‍ കിട്ടിയതെന്നും സന്തോഷ് വര്‍മ പറയുന്നു. സിനിമയിലെ പാട്ടുകള്‍ പ്രത്യേക രീതിയില്‍ വേണമെന്ന് സംവിധായകന്‍ പറഞ്ഞിട്ടില്ലെന്നും കഥാസാഹചര്യങ്ങള്‍ വിവരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

പാട്ട് ചിട്ടപ്പെടുത്തിയപ്പോള്‍ വരികള്‍ മാറ്റിയെന്നും പിന്നീട് ശ്രേയ ഘോഷാലിനെക്കൊണ്ട് പാടിക്കുകയായിരുന്നുവെന്നും സന്തോഷ് വര്‍മ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപതിപ്പില്‍ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമന്റെ ഏദന്‍തോട്ടം’എന്ന സിനിമയുടെ സംഗീതം ബിജിയുടേതാണ്. സിനിമയുടെ കഥയും പാട്ടുകളുടെ സന്ദര്‍ഭവും സംവിധായകന്‍ രഞ്ജിത് ശങ്കറുമായി ചര്‍ച്ച ചെയ്ത് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടയില്‍ ‘അകലെയൊരു കാടിന്റെ…’ എന്ന് തുടങ്ങുന്ന പാട്ടിന്റെ നാല് വരി മനസില്‍ വന്നു. വീട്ടിലെത്തി ബാക്കി വരികള്‍ പൂര്‍ത്തിയാക്കി. സിനിമയിലെ പാട്ടുകള്‍ ഇന്നപോലെ വേണമെന്നോ ഏതെങ്കിലും പ്രത്യേക രീതിയില്‍ വേണമെന്നോ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നില്ല. കഥാസാഹചര്യങ്ങള്‍ വിവരിക്കുക മാത്രമാണ് ചെയ്തത്. അതിലൊന്ന് നായിക വളരെക്കാലത്തിനുശേഷം പാടാന്‍ തുടങ്ങുന്ന പാട്ടായിരുന്നു.

കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടാക്കുന്ന സാഹചര്യത്തിനുവേണ്ടിയാണ് അകലെയൊരു കാടിന്റെ എന്ന പാട്ട് ഞാന്‍ എഴുതിയത്. പക്ഷേ, ഈ പാട്ടിന്റെ വരികള്‍ കണ്ടപ്പോള്‍ സംവിധായകന്‍ അത് മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റുകയായിരുന്നു. ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ ബിജിബാല്‍ ഇതൊരു കവിതപോലെ തോന്നുന്നുവെന്നും വരികളില്‍ നമുക്ക് ചെറിയ വ്യത്യാസം വരുത്തിയാലോ എന്നും ചോദിച്ചു.

അതനുസരിച്ച് ‘ഉദയങ്ങള്‍ തന്‍ ചുംബനങ്ങള്‍…’ എന്ന അവസാന വരികള്‍ മാറ്റി എഴുതിയശേഷം പാട്ട് ചിട്ടപ്പെടുത്തുകയായിരുന്നു. പാട്ടിന്റെ ട്രാക്ക് റെക്കോഡ് ചെയ്തശേഷം ബിജി മുംബൈയില്‍ പോയി ശ്രേയ ഘോഷാലിനെക്കൊണ്ട് പാടിക്കുകയായിരുന്നു. ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Content Highlight: Santhosh Varma Talking about Ramante Edanthottam Movie Song