ഒരുപിടി മികച്ച ചിത്രങ്ങളില്‍ നിര്‍മാതാവായും സഹനിര്‍മാതാവായും പ്രവര്‍ത്തിച്ചയാളാണ് സന്തോഷ് ടി. കുരുവിള. ടാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായി സിനിമാലോകത്തേക്കെത്തിയ അദ്ദേഹം മായാനാദി, നാരദന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍മാണപങ്കാളിയായി. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയാണ് സന്തോഷ് ടി. കുരുവിളയുടെ പുതിയ ചിത്രം.
മലയാളസിനിമയില്‍ പലപ്പോഴും അവസരം നഷ്ടപ്പെടുമെന്ന പേരില്‍ ആരെങ്കിലും അഭിപ്രായം പങ്കുവെക്കാതെ ഇരുന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. മലയാളത്തില്‍ താന്‍ അങ്ങനെ കണ്ടിട്ടില്ലെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ അപ്പോള്‍ പ്രതികരിക്കുന്നവരാണ് മലയാളത്തിലെ നടന്മാരെന്നും അദ്ദേഹം പറയുന്നു.
‘ടൊവിനോ അക്കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണമാണ്. അയാളുടെ നിലപാടുകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില കാര്യങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ ടൊവിയുടെ തോളില്‍ കൈയിട്ടുകൊണ്ട് ‘നമ്മള്‍ ക്രിസ്ത്യാനികളൊക്കെ ഒരുമിച്ച് നില്‍ക്കേണ്ടവരാണ്’ എന്ന് പറഞ്ഞു.
ടൊവിനോ അത് കേട്ട് വല്ലാതെ ഇറിറ്റേറ്റഡായി. പുള്ളി എന്റെയടുത്ത് വന്നിട്ട് ‘ഇനി ജീവിതത്തില്‍ ഞാന്‍ ആ പ്രൊഡ്യൂസറുടെ കൂടെ വര്‍ക്ക് ചെയ്യില്ല’ എന്ന് പറഞ്ഞു. ആ ഒരു സ്റ്റാന്‍ഡ് നമ്മള്‍ അംഗീകരിക്കേണ്ടതാണ്. ആ സമയത്ത് അയാള്‍ക്ക് അങ്ങനെ മതം പറയേണ്ട യാതൊരു ആവശ്യവുമില്ല. എന്നോടെങ്ങാനും നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കും,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.
നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലും സിനിമയിലുമെല്ലാം ഇത്തരത്തില്‍ ആവശ്യമില്ലാതെ കുത്തിത്തിരുപ്പുകള്‍ നടക്കാറുണ്ടെന്നും ചിലര്‍ അതെല്ലാം കണ്ട് മിണ്ടാതെ ഇരിക്കാറുണ്ടെന്നും സന്തോഷ് ടി. കുരുവിള പറയുന്നു. തനിക്ക് പറയാനുള്ള കാര്യം താന്‍ എവിടെയും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ നിലപാടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘അവിടെ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാത്ത ആരെങ്കിലുമുണ്ടോ. കഴിഞ്ഞദിവസം പോലും അതിനെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വരികയാണല്ലോ. രാഷ്ട്രീയത്തിലുള്ളവരല്ലാതെ സിനിമാ മേഖലയിലുള്ളവരോ മറ്റ് സംസ്‌കാരിക മേഖലയിലുള്ളവരോ അതിനെക്കുറിച്ച് മിണ്ടാറില്ല,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.
Content Highlight: Santhosh T Kuruvila shares an experience with Tovino Thomas