ഷെയ്‌നും ഫഹദും പൃഥ്വിരാജും മാത്രം അഭിനയിച്ചാല്‍ ഇന്‍ഡസ്ട്രി വലുതാകില്ല: സന്തോഷ് ടി.കുരുവിള
Malayalam Cinema
ഷെയ്‌നും ഫഹദും പൃഥ്വിരാജും മാത്രം അഭിനയിച്ചാല്‍ ഇന്‍ഡസ്ട്രി വലുതാകില്ല: സന്തോഷ് ടി.കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st October 2025, 4:59 pm

ഷെയ്‌നും, ഫഹദും പൃഥ്വിരാജും മാത്രം അഭിനയിച്ചാല്‍ ഇന്‍ഡസ്ട്രി വലുതാകില്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ഒരാളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ ഇന്‍ഡസ്ട്രി ഒരിക്കലും വലുതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബള്‍ട്ടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളില്‍ മാത്രം നില്‍ക്കരുത്. അതുകൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് കണക്ക് പറഞ്ഞിരുന്ന സമയത്ത് ഞാന്‍ എതിര്‍ത്തത്. കാരണം പിന്നെ പ്രൊഡ്യൂസേഴ്‌സ് മാറി നില്‍ക്കും. നിര്‍മാതാക്കളും വരണം, ഇവരെല്ലാവരും വന്നെങ്കില്‍ മാത്രമെ ഇന്‍ഡസ്ട്രി വലുതാകുകയുള്ളു. എല്ലാവരും ഉണ്ടെങ്കില്‍ മാത്രമാണ് ഇന്‍ഡസ്ട്രി വളരുക,’സന്തോഷ് ടി.കുരുവിള പറയുന്നു.

ഗായകനും സംഗീത സംവിധായകനുമായ സായ് അഭ്യങ്കറിനെ ബള്‍ട്ടിയിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് സന്തോഷ്  ടി. കുരുവിളയാണ്. ഒരു ഫോണ്‍ സംഭാഷണത്തിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് സായ് അഭ്യങ്കറിനെ ക്ഷണിക്കുന്ന പ്രൊമോ വീഡിയോ എല്ലാവരും ഏറ്റെടുത്തിരുന്നു.

തന്റെ പരാജയപ്പെട്ട സിനിമകളെ കുറിച്ചും  സന്തോഷ്  ടി. കുരുവിള സംസാരിച്ചു. ഗ്യാങ്സ്റ്റര്‍ തന്റെ പരാജയപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും സ്‌ക്രിപ്റ്റില്ലാത്തതു കാരണമാണ് ആ സിനിമ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സിനിമ ഇപ്പോള്‍ ജനം അംഗീകരിക്കുന്നുണ്ടെന്നും സന്തോഷ് ടി.കുരുവിള കൂട്ടിച്ചേര്‍ത്തു.

‘ അത് കാലഘട്ടത്തിന് മുമ്പ് വന്ന സിനിമയാണ്. നീരാളിയാണ് എന്റെ മറ്റൊരു പരാജയപ്പെട്ട സിനിമ. കുമാര്‍ സാബ് എന്ന ക്യാമറാമാന്‍ നിര്‍മിക്കാനിരുന്ന സിനിമയാണ്, പൈസയില്ലാതെ വന്നപ്പോള്‍ ഞാന്‍ ഏറ്റെടുക്കുകയായിരുന്നു,’ സന്തോഷ് ടി.കുരുവിള

അതേസമയം സന്തോഷ് ടി. കുരുവിള നിര്‍മിച്ച ബള്‍ട്ടി തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഷെയ്ന്‍ നിഗം നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന് പുറമെ ശാന്തനു ഭാഗ്യരാജ്, സെല്‍വരാഘവന് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Content highlight:  Santhosh.T Kuruvila sayst The industry will not grow if only Fahadh and Prithviraj act