മമ്മൂക്കയ്ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം, അക്കാലത്തെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ലഭിച്ചിട്ടും ഫ്‌ളോപ്പായി: സന്തോഷ് ടി. കുരുവിള
Malayalam Cinema
മമ്മൂക്കയ്ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം, അക്കാലത്തെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ലഭിച്ചിട്ടും ഫ്‌ളോപ്പായി: സന്തോഷ് ടി. കുരുവിള
അമര്‍നാഥ് എം.
Sunday, 8th March 2026, 9:25 pm

ആഷിഖ് അബു സംവിധാനം ചെയ്ത ടാ തടിയായിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് സന്തോഷ് ടി. കുരുവിള. നിരവധി ചിത്രങ്ങളില്‍ നിര്‍മാണപങ്കാളിയായ അദ്ദേഹം ചില ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. ന്നാ താന്‍ കേസ് കൊട്, പെണ്ണും പൊറാട്ടും തുടങ്ങിയ പരീക്ഷണ ചിത്രങ്ങള്‍ സന്തോഷ് കുരുവിള നിര്‍മിച്ചവയില്‍ ചിലതാണ്.

മലയാളത്തിലെ ബിഗ് എംസിന്റെ സിനിമകള്‍ നിര്‍മിച്ചപ്പോഴെല്ലാം സന്തോഷിന്റെ കൈ പൊള്ളിയിട്ടുണ്ട്. മമ്മൂട്ടി- ആഷിക് അബു കൂട്ടുകെട്ടിലൊരുങ്ങിയ ഗ്യാങ്സ്റ്റര്‍, മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് ഒരുക്കിയ മരക്കാര്‍ എന്നീ സിനിമകളിലെ നിര്‍മാണ പങ്കാളിയിരുന്നു സന്തോഷ് ടി. കുരുവിള. ഇതില്‍ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സന്തോഷ് ടി. കുരുവിള Photo: Screen grab/ Movie world media

താന്‍ നിര്‍മാണ പങ്കാളിയായ രണ്ടാമത്തെ ചിത്രമായിരുന്നു ഗ്യാങ്സ്റ്ററെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു. ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പായിരുന്നു ആ ചിത്രത്തിനെന്നും വലിയ ഹിറ്റാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റിലീസിന് കാര്യങ്ങള്‍ തകിടം മറിഞ്ഞെന്നും അദ്ദേഹം പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.

‘മമ്മൂക്കയ്ക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു ഗ്യാങ്സ്റ്റര്‍. വെറൈറ്റി ലുക്കിലായിരുന്നു അദ്ദേഹം ആ സിനിമ ചെയ്തത്. അന്നത്തെക്കാലത്ത് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ കിട്ടിയ സിനിമയായിരുന്നു ഗ്യാങ്സ്റ്റര്‍. പക്ഷേ, റിലീസിന് മുമ്പുണ്ടായിരുന്ന ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ആ സിനിമക്ക് സാധിക്കാതെ പോയി.

 

ക്ലൈമാക്‌സില്‍ കാണിക്കുന്ന അനിമേഷന്‍ സീക്വന്‍സ് ആര്‍ക്കും വര്‍ക്കായില്ല. അതാണ് തിരിച്ചടിയായത്. 86 ലക്ഷത്തിന് മേലെ തിയേറ്റര്‍ ഷെയര്‍ കിട്ടിയ സിനിമയായിരുന്നു അത്. ഗ്യാങ്സ്റ്ററിന്റെ പരാജയം അന്ന് അംഗീകരിക്കാന്‍ പറ്റിയില്ല. ഓവര്‍ ഹൈപ്പ് തിരിച്ചടിയാകുമെന്ന് ആ സിനിമയിലൂടെ മനസിലായി,’ സന്തോഷ് ടി. കുരുവിള പറയുന്നു.

മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലെ ഗ്യാങ് വാറിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. അക്ബര്‍ അലി എന്ന അധോലോക നായകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിട്ടത്. ആഷിഖ് അബു- മമ്മൂട്ടി കോമ്പോയിലൊരുങ്ങിയ രണ്ടാമത്തെ ചിത്രം 2014ല്‍ വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാകാനായിരുന്നു ചിത്രത്തിന്റെ വിധി.

Content Highlight: Santhosh T Kuruvila about Gangster movie failure

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം