സന്തോഷ് മാധവന്റെ ഭൂമിദാനക്കേസ്; കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് കോടതി
Daily News
സന്തോഷ് മാധവന്റെ ഭൂമിദാനക്കേസ്; കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് കോടതി
ന്യൂസ് ഡെസ്‌ക്
Monday, 25th April 2016, 4:33 pm

santhosh

മൂവാറ്റുപുഴ: സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും നിരവധി സംശയങ്ങള്‍ ഉന്നയിക്കുന്നതാണെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ റവന്യൂ മന്ത്രിക്ക് പങ്കില്ലെന്നും വ്യവസായ മന്ത്രിയാണ് ഫയല്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ഏത് സാഹചര്യത്തിലാണ് ഫയല്‍ ഔട്ട് ഓഫ് അജണ്ടയായി എത്തിയതെന്ന് വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യവും ഇതിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത മാസം അഞ്ചിന് കേസ് പരിഗണിക്കുന്നതിന് മുമ്പായി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ജഡ്ജി പി.മാധവന്‍ ഉത്തരവിട്ടു.

മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്തിരുന്ന വയല്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ എന്ന പേരില്‍ തിരികെ നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവ് മരവിപ്പിച്ചു. ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളത് കൊണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ല്‍ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ച ഭൂമിയായി 2009 ജനുവരിയില്‍ ഏറ്റെടുത്തു.
ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തതാണ്. ഈ ഭൂമിയില്‍ ഹൈടെക് ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ സന്തോഷ് മാധവന്‍ ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ച് കൊണ്ട് 2016 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് വിവാദമായതോടെ 2016 മാര്‍ച്ച് 23 ന് പിന്‍വലിക്കുന്നതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിക്കുകയും ചെയ്തു.