തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃതം വിഭാഗം ഡീന്‍ ഡോ. സി.എന്‍ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി ഗവേഷക വിദ്യാര്‍ത്ഥി.
നീച ജാതികള്‍ക്ക് സംസ്‌കൃതം വഴങ്ങില്ലെന്നും ഓഫീസില്‍ കയറിയാല്‍ ശുദ്ധികലശം നടത്തുമെന്നും പറഞ്ഞ് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ അധിക്ഷേപം നടത്തിയ ഡീനിനെതിരെ വിപിന്‍ കുമാര്‍ എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.
പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിയപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കഴക്കൂട്ടം എസ്.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ, സോഷ്യല്‍മീഡിയയിലൂടെ വിപിന്‍ കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. സംസ്‌കൃതത്തില്‍ ബി.എ, എം.എ, ബി.എഡ്, എ.എഡ്, എം.ഫില്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന് ആരോപിച്ച് തന്റെ ഗവേഷണ പ്രബന്ധത്തിന് അനുമതി നിഷേധിച്ചെന്നാണ് വിപിന്റെ പരാതി.
നിരവധി തവണ തനിക്ക് എതിരെ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഡീനിനെ കാണാനായി ചെന്നാല്‍ ഓഫീസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാറില്ലെന്നും വിപിന്‍ പറഞ്ഞിരുന്നു.
മുമ്പ് പരാതിപ്പെടാതിരുന്നത് തന്റെ പ്രബന്ധത്തിനെ ബാധിക്കുമെന്ന് ഭയന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ കയറിയതിന് വെള്ളം തളിച്ച് ശുദ്ധിക്രിയ നടത്തുന്നത് കണ്ടിട്ടുണ്ടെന്നും വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തി. ഡീനിന്റെ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിത്.