ലോക ചരിത്രത്തില്‍ ഇടം നേടിയ ഒരേയൊരു താരമാണ്; സഞ്ജു തിരിച്ചുവരും...
Cricket
ലോക ചരിത്രത്തില്‍ ഇടം നേടിയ ഒരേയൊരു താരമാണ്; സഞ്ജു തിരിച്ചുവരും...
ശ്രീരാഗ് പാറക്കല്‍
Wednesday, 28th January 2026, 6:30 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം നാലാം ടി-20 വിശാഖപ്പട്ടണത്തില്‍ നടക്കും. മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്.

കിവീസിന് എതിരെയുള്ള പരമ്പരയിലൂടെ ഓപ്പണിങ്ങിലേക്ക് തിരികെയെത്തിയ സഞ്ജുവിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. 10, 6, 0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തിലും താരം സ്‌കോര്‍ ചെയ്തത്. ലോകകപ്പ് കണ്‍ മുന്നില്‍ നില്‍ക്കെ താരം തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ നിര്‍ണായകമായ നാലാം മത്സരത്തില്‍ സഞ്ജു തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിമര്‍ശകരുണ്ടെങ്കിലും സീനിയര്‍ താരങ്ങളുടെ പിന്തുണ സഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുന്‍ താരം മുഹമ്മദ് കൈഫ്, അജിന്‍ക്യാ രഹാനെ, ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ തുടങ്ങിയവര്‍ സഞ്ജുവിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഒരു മികച്ച ഇന്നിങ്‌സ് മാത്രം മതി സഞ്ജുവിന് ഫോമില്‍ തിരിച്ചെത്താനെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. വൈകാതെ സഞ്ജു ഫോമിലെത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.സഞ്ജു സാംസൺ . Photo: Team Samson/x.com

കാരണം എത്രയോ അവഗണിക്കപ്പെട്ട ഇടത്ത് നിന്നാണ് സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. മാത്രമല്ല ഇന്നേവരെ മറ്റൊരു ക്രിക്കറ്റ് താരത്തിന് പോലും ഇല്ലാത്ത ഒരു വമ്പന്‍ റെക്കോഡ് തന്നെ മതി സഞ്ജുവിന്റെ ലെവല്‍ എന്താണെന്ന് ബോധ്യപ്പെടുത്താന്‍.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി-20 സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് മലയാളികളുടെ അഭിമാനമായ സഞ്ജുവിനല്ലാതെ മറ്റാര്‍ക്കുമില്ല. 2024ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയും ബംഗ്ലാദേശിനെതിരായ ബാക് ടു ബാക് സെഞ്ച്വറിയും ലോകം ചര്‍ച്ച ചെയ്തതാണ്. ഇതിനെല്ലാം പുറമെ ഒട്ടനവധി റെക്കോഡുകള്‍ സഞ്ജു തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

സഞ്ജു സാംസൺ . Photo: BCCI/x.com

എന്നിരുന്നാലും ലോകകപ്പ് മുന്നിലുള്ളപ്പോള്‍ സഞ്ജുവിന്റെ ഫോം മങ്ങിയത് ആരാധകരിലും ഏറെ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും സഞ്ജു മിന്നും പ്രകടനം നടത്തുമെന്നാണ് ക്രിക്കറ്റ് നിരാക്ഷകരും അഭിപ്രായപ്പെടുന്നത്.

കാരണം ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തിലക് പരിക്ക് മാറി തിരിച്ചെത്തുന്നതോടെ മലയാളി താരത്തിന് ലോകകപ്പില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നേക്കും. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തി സഞ്ജുവിന് തന്റെ സ്ഥാനം ഉറപ്പിച്ചേ മതിയാകൂ. അതിനായി സഞ്ജുവിന് ഒരു ജീവന്‍ മരണ പോരാട്ടം തന്നെ വേണ്ടി വന്നേക്കും.

 

Content Highlight: Sanju Samson Will Return With Great Performance

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ