ടി-20യില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; പുത്തന്‍ നേട്ടം തൊട്ടരികെ
Cricket
ടി-20യില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; പുത്തന്‍ നേട്ടം തൊട്ടരികെ
സുദേവ് എ
Saturday, 20th June 2026, 6:51 am

ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്.

അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ടി-20യിലെ പുതിയൊരു നാഴികക്കല്ലും സ്വന്തം പേരിലാക്കി മാറ്റാന്‍ സാധിക്കും.

ഇന്ത്യക്കായി 1500 ടി-20 റണ്‍സെന്ന പുത്തന്‍ നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ മലയാളി താരത്തിന് 101 റണ്‍സ് മാത്രം മതി. ഇന്ത്യക്കായി ഇതുവരെ ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്.

സഞ്ജു സാംസൺ

ഇന്ത്യക്ക് വേണ്ടി ടി-20യില്‍ എട്ട് താരങ്ങള്‍ മാത്രമാണ് 1500 റണ്‍സ് കടന്നിട്ടുള്ളൂ. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്ന എന്നിവരാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ട താരങ്ങള്‍.

2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.

14 ഇന്നിങ്സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sanju Samson waiting for a new milestone in T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.