തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവര്‍ എനിക്ക് വലിയ പിന്തുണ നല്‍കി: സഞ്ജു
Cricket
തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവര്‍ എനിക്ക് വലിയ പിന്തുണ നല്‍കി: സഞ്ജു
സുദേവ് എ
Friday, 24th July 2026, 5:35 pm

2026 ഐ.പി.എല്ലില്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാപ് ഡീലുകളിലൊന്നിലൂടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് സഞ്ജു സാംസണെ ചെപ്പോക്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ പകരം നല്‍കിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്.

ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സഞ്ജു. ആദ്യ മൂന്ന് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ തനിക്ക് ടീമില്‍ നിന്നും ലഭിച്ച സപ്പോര്‍ട്ടിനെക്കുറിച്ചാണ് സഞ്ജു സംസാരിച്ചത്.

തുടക്കത്തിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താതിരുന്നിട്ടും മാനേജ്മെന്റിന്റെയും സഹതാരങ്ങളുടെയും പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്നാണ് സഞ്ജു പറഞ്ഞത്. ഈ സമയങ്ങളില്‍ ലഭിച്ച പിന്തുണ വളരെ വലുതായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

‘ഒരു പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ പരാജയം കളിയുടെ ഒരു ഭാഗമാണെന്ന് മനസിലാക്കുന്ന ആളുകള്‍ നമ്മുടെ ഒപ്പം ഉണ്ടായിരിക്കണം. ഞാന്‍ ചെന്നൈയില്‍ എത്തി ആദ്യ മൂന്ന് മത്സരങ്ങളില്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ഞങ്ങള്‍ ആ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

എനിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ല. ലോകകപ്പ് ഫൈനലിന് ശേഷമായിരുന്നു ഞാന്‍ ഐ.പി.എല്ലിലേക്ക് എത്തിയത്. എന്നാല്‍ ആ ഫോം എനിക്ക് തുടരാന്‍ സാധിച്ചില്ല. ഇത്തരം സമയങ്ങളില്‍ നിങ്ങള്‍ എത്ര അനുഭവ സമ്പന്നനായാലും പരിശീലകനും ക്യാപ്റ്റനും നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. മഹി ഭായ് പോലും നിങ്ങളുടെ പ്രകടനം ശ്രദ്ധിച്ചുകൊണ്ടിരിക്കും.

എന്നാല്‍ ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ ടീം മാനേജ്മെന്റിന്റെയും സഹതാരങ്ങളുടെയും പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നതാണ്. ഞാന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും അവര്‍ എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടില്ല. ആ പിന്തുണ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു,’ സഞ്ജു സാംസണ്‍ ജിയോ സ്റ്റാറിലൂടെ പറഞ്ഞു.

ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.

ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

 

Content Highlight: Sanju Samson talks about the support he received from Chennai Super Kings

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.