രാജസ്ഥാന്‍ വിടുന്നതിനെക്കുറിച്ച് ഞാന്‍ അവരുമായി ആഴ്ചകളോളം ചര്‍ച്ച നടത്തി: സഞ്ജു
Cricket
രാജസ്ഥാന്‍ വിടുന്നതിനെക്കുറിച്ച് ഞാന്‍ അവരുമായി ആഴ്ചകളോളം ചര്‍ച്ച നടത്തി: സഞ്ജു
സുദേവ് എ
Friday, 24th July 2026, 4:09 pm

2026 ഐ.പി.എല്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള തീരുമാനത്തിലെത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. രാജസ്ഥാന്‍ വിടുകയെന്ന തീരുമാനം ഒരിക്കലും എളുപ്പമല്ലായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ജിയോ സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

‘രാജസ്ഥാന്‍ റോയല്‍സ് വിടുകയെന്ന തീരുമാനം എളുപ്പമുള്ളതായിരുന്നില്ല. ഒരിക്കല്‍ ടീമിനോട് നിങ്ങളുടെ തീരുമാനം പറഞ്ഞാല്‍ പിന്നെ അത് മാറ്റാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു ഫ്രാഞ്ചൈസിയിലേക്കോ ലേലത്തിന് ശേഷം ഉറപ്പില്ലാത്ത സാഹചര്യങ്ങളിലേക്കോ പോകേണ്ടി വരും. 2025 സീസണ്‍ രാജസ്ഥാനൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പായിരുന്നു.

ഈ വിഷയത്തില്‍ ഞാന്‍ എന്റെ കുടുംബത്തോട് പല തവണ സംസാരിക്കുകയും ചെയ്തു. ഇത് വെറുമൊരു വികാരത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ആലോചിച്ചെടുത്ത തീരുമാനമാണോയെന്ന് അവര്‍ ചോദിച്ചു. രണ്ടോ മൂന്നോ ആഴ്ച ഞങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ മാറ്റത്തിനുള്ള സമയമായെന്ന് തീരുമാനിച്ചത്. അപ്പോഴായിരുന്നു ഞാന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് എനിക്ക് പൂര്‍ണ വിശ്വാസമായത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയാണ് സഞ്ജു വരവറിയിച്ചത്. ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ദല്‍ഹിക്കായി കളിച്ചതൊഴിച്ചാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു സ്ഥിരസാന്നിധ്യമായി തുടര്‍ന്നു.

രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്‌ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്.

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. വോണിന് ശേഷം രാജസ്ഥാന്‍ ആദ്യമായി ഐ.പി.എല്ലിന്റെ ഫൈനലില്‍ കടക്കുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനായി 2022ല്‍ ഫൈനല്‍ വരെ മുന്നേറിയെങ്കിലും സഞ്ജുവിന് കിരീടം നഷ്ടമാവുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് സഞ്ജുവിന് കിരീടം നഷ്ടമായത്.

 

Content Highlight: Sanju Samson talks about the decision of leaving Rajasthan royals

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.