ഐ.പി.എല്ലില്‍ ഈ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ രാജസ്ഥാന്‍ വിട്ട് ചെന്നെയിലേക്ക് പോവാനുള്ളതിന്റെ പ്രധാന കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. മുന്‍ സി.എസ്.കെ നായകന്‍ എം.എസ് ധോണി കാരണമാണ് താന്‍ ചെന്നൈയിലെത്തിയതെന്നാണ് സഞ്ജു പറയുന്നത്. ധോണിക്കൊപ്പം കളിക്കുകയായെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും മലയാളി താരം പറഞ്ഞു. സി.എസ്.കെ പോഡ്കാസ്റ്റിലൂടെയാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ സി.എസ്.കെയില്‍ വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എം.എസ് ധോണിയാണ്. അദ്ദേഹത്തോടൊപ്പം കളിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നുവെന്ന് പറയാം. ചെന്നൈ ഇത്രയധികം കിരീടങ്ങള്‍ നേടിയതില്‍ ധോണി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ സി.എസ്.കെ ഇത്രയധികം വിജയങ്ങള്‍ നേടുമായിരുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുന്നതിനും ചെന്നൈക്കായി കൂടുതല്‍ ട്രോഫികള്‍ നേടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ സഞ്ജു സാംസണ്‍ പറഞ്ഞു.
2008 മുതല്‍ 2026 വരെ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ്. എന്നാല്‍ 2013ല്‍ മാച്ച് ഫിക്സിങ് വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം ചെന്നൈക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മാത്രമാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നത്. അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി ചെന്നൈക്കായി നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം ചൂടി.
അതേസമയം ചെന്നൈയിലെത്തിയ സഞ്ജുവിന് ധോണിക്കൊപ്പം ഇതുവരെ മഞ്ഞക്കുപ്പായത്തില്‍ ഒരുമിച്ച് കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല.
ധോണിയുടെ അഭാവത്തിലും ചെന്നൈയെ ഒറ്റക്ക് തോളിലേറ്റി മുന്നേറുകയാണ് സഞ്ജു. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്. സീസണിലെ തുടക്കത്തിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ വമ്പന്‍ തിരിച്ചുവരവാണ് ചെന്നൈ നടത്തിയത്. അവസാനത്തെ നാല് അപരാജിതരായാണ് ചെന്നൈ കുതിക്കുന്നത്.
മെയ് 15ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് സി.എസ്.കെയുടെ അടുത്ത മത്സരം. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കും.
Content Highlight: Sanju Samson talks about MS Dhoni impact in Chennai super kings