2026 ഐ.പി.എല്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ചെന്നൈക്കൊപ്പം സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയില്‍ നിന്നും ലഭിച്ച വലിയ ഉപദേശത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു.
ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തേണ്ടന്നും സ്വന്തം കളിയില്‍ വിശ്വസിച്ചാല്‍ മതിയെന്നുമായിരുന്നു ധോണി നല്‍കിയ ഉപദേശമെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോ സ്റ്റാറിന്റെ സൂപ്പര്‍സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മലയാളി താരം.
‘ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മഹി ഭായ്പരിശീലനത്തിനിടെ എന്നെ കണ്ടു. നീ ഓക്കെയാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഓക്കെയാണ് പക്ഷെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത് പക്ഷെ എന്നൊന്നുമില്ല നിന്റെ സ്വാഭാവിക ശൈലിയില്‍ തന്നെ കളിക്കൂ എല്ലാം ശരിയാകും എന്നായിരുന്നു. ഒരു മത്സരത്തില്‍ പരാജയപ്പെട്ടതുകൊണ്ട് ബാറ്റിങ് ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും സ്വന്തം കളിയില്‍ വിശ്വസിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസവും മികച്ച പടവും നല്‍കി,’ സഞ്ജു സാംസണ്‍ പറഞ്ഞു.
ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.
മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.
2026 സീസണില്‍ ഒന്നിലധികം സെഞ്ച്വറി നേടിയത് സഞ്ജു മാത്രമാണെന്നതും ശ്രദ്ധേയമാണ്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.
Content Highlight: Sanju Samson talks about MS Dhoni