2026 ഐ.പി.എല്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.
ഇപ്പോള്‍ തന്റെ കരിയറിലെ നിര്‍ണായകമായ ഈ കൂടുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. പൂജ്യത്തില്‍ നിന്നും വീണ്ടും ആരംഭിക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്നായിരിന്നു സഞ്ജു പറഞ്ഞത്. ‘ നിനക്കിപ്പോള്‍ 30 വയസായി പുറത്തുപോയി നിന്റെ കഴിവ് തെളിയിക്കൂ’ എന്ന് സ്വയം പറഞ്ഞിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. ജിയോ സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ഞാന്‍ ആത്മവിശ്വാസമുള്ളയാളാണ്. എനിക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ട്. പൂജ്യത്തില്‍ നിന്നും വീണ്ടും തുടങ്ങാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. ചെപ്പോക്കിലെ പിച്ചില്‍ എന്റെ ബാറ്റിങ് ശൈലി ചേരില്ലെന്ന് പലരും പറഞ്ഞു. ആ വാക്കുകള്‍ ഒരു നിമിഷം എന്റെ മനസില്‍ കടന്നുവന്നിരുന്നു. പക്ഷേ ഞാന്‍ എന്നോട് തന്നെ പറഞ്ഞു ‘നിനക്ക് ഇപ്പോള്‍ 30 വയസായി, പുറത്തുപോയി നിന്റെ കഴിവ് തെളിയിക്കൂ’ എന്ന്.
ഈ ഐ.പി.എല്‍ സീസണില്‍ എന്തെങ്കിലും വലിയ നേട്ടം കൈവരിക്കണമെന്ന ഉറച്ച തീരുമാനവുമായാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങിയത്. ഇതിലൂടെ എനിക്ക് ഒരു പുതിയ ആത്മവിശ്വാസവും ഊര്‍ജവും ലഭിച്ചു. ഇത് എന്റെ പ്രകടനത്തിന് വളരെ സഹായകമാവുകയും ചെയ്തു,’ സഞ്ജു സാംസണ്‍ പറഞ്ഞു.
ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.