മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഇപ്പോള്‍ തനിക്കിഷ്ടപ്പെട്ട നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ആര്‍. അശ്വനുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തോട് ഇഷ്ടപ്പെട്ട മലയാളം, തമിഴ് ഹിന്ദി സിനിമകളിലെ നടന്മാരെയും അതത് ഭാഷകളിലെ ഇഷ്ടപ്പെട്ട പാട്ടുകളെയും കുറിച്ച് ചോദിച്ചത്.
മലയാളത്തില്‍ തനിക്കിഷ്ടപ്പെട്ട രണ്ട് നടന്മാരാണുള്ളതെന്നാണ് സഞ്ജു പറയുന്നത്. തനിക്ക് ടൊവിനോ തോമസിനെയും ബേസില്‍ ജോസഫിനെയും വളരെ ഇഷ്ടമാണെന്നും രണ്ടുപേരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടില്‍ ഒരാളെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘മലയാളത്തില്‍ വരുമ്പോള്‍ രണ്ടുപേര്‍ തമ്മില്‍ കടുത്ത മത്സരമാണ്. ടൊവിനോ തോമസും ബേസിലും. അവരുമായി വളരെ അടുത്ത ബന്ധമുള്ളതുകൊണ്ട് തന്നെ ഓരോ സിനിമക്ക് വേണ്ടിയും അവര്‍ എടുക്കുന്ന കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തികളാണ് അവര്‍ രണ്ടുപേരും,’ സഞ്ജു സാംസണ്‍ പറഞ്ഞു.
മലയാളത്തില്‍ ഇഷ്ടപ്പെട്ട പാട്ട് ആവേശത്തിലേതാണെന്നും സഞ്ജു പറഞ്ഞു. തമിഴില്‍ തനിക്കിഷ്ടം രജിനികാന്തിനെ ആണെന്നും അദ്ദേഹത്തിന്റെ ‘പേട്ട റാപ്പ്’ തന്റെ ഫേവറിറ്റ് ആണെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ അഭിനേതാക്കളുടെ പേര് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സ്ഥിരം കേള്‍ക്കാറുള്ള മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റെയും പേരുകള്‍ പറഞ്ഞില്ലെന്ന് അശ്വിന്‍ സഞ്ജുവിനോട് ചോദിച്ചിരുന്നു. അതിന് ചിരിയാണ് മറുപടിയായി സഞ്ജു സാംസണ്‍ സമ്മാനിച്ചത്.
വിഴിഞ്ഞത്തിന്റെ മണ്ണില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ തന്റെ ജീവിതം ഒരു സിനിമയാക്കുകയാണെങ്കില്‍ ആരായിരിക്കും നായകനെന്ന് പറയുകയാണ് സഞ്ജു സാംസണ്‍.
‘എന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അതില്‍ ഇപ്പോഴുള്ള നടന്മാര്‍ ആരും വേണ്ട. ഒരു പുതുമുഖം അഭിനയിക്കണമെന്നാണ് എനിക്ക് ആഗ്രഹം. പിന്നെ മ്യൂസിക് ചെയ്യാന്‍ നമുക്ക് സുഷിന് ശ്യാമിനെയും വിളിക്കാം,’ സഞ്ജു സാംസണ്‍ പറയുന്നു.
Content Highlight: Sanju Samson talks about his favorite film actors