12ാം വയസിൽ കളി തുടങ്ങിയ ചെറിയൊരു ചെറുക്കൻ ഈ ലെവലിൽ എത്തിയത് സന്തോഷകരമാണ്: സഞ്ജു
Cricket
12ാം വയസിൽ കളി തുടങ്ങിയ ചെറിയൊരു ചെറുക്കൻ ഈ ലെവലിൽ എത്തിയത് സന്തോഷകരമാണ്: സഞ്ജു
സുദേവ് എ
Monday, 17th August 2026, 8:39 pm

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഈ സീസണില്‍ കളിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ഐക്കണായാണ് സഞ്ജു ഇത്തവണ എത്തുന്നത്.

കെ.സി.എല്‍ മൂന്നാം സീസണിന്റെ ഔദ്യോഗിക ലോഞ്ചിങ് ഇന്ന് നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സഞ്ജു സാംസണ്‍ വൈകാരികമായി സംസാരിച്ചു. വേദിയില്‍ സഞ്ജുവിന്റെ യാത്രയെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വീഡിയോ കണ്ടാണ് സഞ്ജു വൈകാരികമായത്.

‘ഒരു വീഡിയോ നമ്മളെ ഇത്രയും ഇമോഷണല്‍ ആക്കുമെന്ന് തോന്നിയില്ല. വലിയ സന്തോഷം. പ്രൊഡക്റ്റ് ഓഫ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ് ഞാന്‍ ആദ്യം വായിച്ചത്. അതിലേക്കാണ് കണ്ണ് പോയത്. പന്ത്രണ്ടാം വയസില്‍ അണ്ടര്‍ 13 കളിച്ചു തുടങ്ങിയ ചെറിയൊരു ചെറുക്കന്‍ ഇത്രയും നല്ലൊരു പ്ലാറ്റ്‌ഫോമില്‍ ഇത്രയും നന്നായി സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഒരു ലെവലില്‍ എത്തിയത് വലിയ സന്തോഷമാണ്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ഇത്തവണ സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ല. ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ സഞ്ജു ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത് സ്വന്തം മണ്ണില്‍ താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യം ടൂര്‍ണമെന്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയാണ് ഗെയ്ല്‍. കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നല്‍കുന്നതിനായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കേരളത്തിലെത്തും. ടി-20യിലെ എക്കാലത്തെയും മികച്ച ഇതിഹാസമായ ഗെയ്ലിന്റെ വരവ് കെ.സി.എല്ലിന്റെ ജനശ്രദ്ധ വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചിക്ക് പുറമെ ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.

 

Content Highlight: Sanju Samson talks about his cricket journey

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.