ക്യാപ്റ്റനാവാനല്ല, ചെന്നൈയിലെത്തിയത് മറ്റൊരു ലക്ഷ്യത്തിന് വേണ്ടി; വെളിപ്പെടുത്തി സഞ്ജു
Cricket
ക്യാപ്റ്റനാവാനല്ല, ചെന്നൈയിലെത്തിയത് മറ്റൊരു ലക്ഷ്യത്തിന് വേണ്ടി; വെളിപ്പെടുത്തി സഞ്ജു
ഫസീഹ പി.സി.
Sunday, 10th May 2026, 3:41 pm

ഐ.പി.എല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൂടുമാറ്റമായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള ചുവടുമാറ്റം. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഒഴിവാക്കി ചെന്നൈയിലേക്ക് എത്തിയ താരത്തെ എം.എസ്. ധോണിയുടെ പിന്‍ഗാമിയായാണ് ഏവരും പരിഗണിച്ചത്. അതിനാല്‍ തന്നെ താരം ടീമിലെത്തിയതോടെ ചെന്നൈയുടെ അടുത്ത ക്യാപ്റ്റനായേക്കുമെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഈ സീസണില്‍ തുടക്കത്തിലെ പരാജയത്തിന് ശേഷം സഞ്ജു ഫോമിലേക്ക് എത്തിയതോടെ വീണ്ടും ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ഇതിന് കുറച്ച് കൂടി ജനപ്രീതി വര്‍ധിച്ചു. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പിടുകയാണ് സഞ്ജു.

സഞ്ജു സാംസൺ.

പുതിയ ഒരു ടീമിലേക്കും ഹോമിലേക്കും ചേക്കേറുമ്പോള്‍ ഒരുപാട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നാണ് തന്‍ പഠിച്ചിട്ടുള്ളതെന്നാണ് സഞ്ജു പറഞ്ഞത്. സൂപ്പര്‍ കിങ്സ് പോഡ്കാസ്റ്റിലെ അവസാന എപ്പിസോഡിലാണ് ക്യാപ്റ്റന്‍സി ചര്‍ച്ചകളെ കുറിച്ച് മനസ് തുറന്നത്.

‘ഞാന്‍ നേരത്തെ ഒരു ടീമിന്റെ ഭാഗമായിരുന്നു. അവിടെ ഞാന്‍ സെറ്റില്‍ഡായിരുന്നു. എങ്കിലും അവിടെന്ന് ഇറങ്ങി മറ്റൊരു ടീമില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിച്ചു. അത്തരമൊരു മാറ്റത്തില്‍ നമുക്ക് ആവശ്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. ഒരു പുതിയ വീട്ടിലേക്ക് ചേക്കേറുമ്പോള്‍ ഒരുപാട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നാണ് താന്‍ പഠിച്ചിട്ടുള്ളത്.

അതിന് പകരം അവിടെ ചെന്ന് നമ്മുടെ മൂല്യം തെളിയിക്കുകയാണ് ആദ്യം വേണ്ടത്. സ്വാഭാവികമായി പെരുമാറി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുക. അതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ ചിന്തിക്കാവൂ,’ സഞ്ജു പറഞ്ഞു.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും. Photo: Johns/x.com

ലോകത്ത് എവിടെ ചെന്നാലും മലയാളികളുണ്ടാവുമെന്നും ചെന്നൈയിലും ഒരുപാട് മലയാളികളുണ്ടെന്നും സഞ്ജു പറഞ്ഞു. വിശ്വാസം എന്ന വാക്കിന് വലിയ നല്‍കുന്നവരാണ് മലയാളികള്‍. ഒരാള്‍ നമ്മളെ വിശ്വസിച്ചാല്‍ അവര്‍ക്കായി ഏറ്റവും വരെയും പോകും. സി.എസ്.കെ എന്നില്‍ വിശ്വാസമര്‍പ്പിച്ച് വിളിച്ചു, അതിനാല്‍ എല്ലാം നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

ടീമില്‍ നിന്ന് എന്തെങ്കിലും നേടാനല്ല ഞാന്‍ വന്നത്, സി.എസ്.കെയെ സേവിക്കാനാണ്. എന്റെ ടീമിനും ക്യാപ്റ്റനുമായ കളിക്കാനാണ് ഞാന്‍ എവിടെ എത്തിയത്. ക്യാപ്റ്റന്‍ ഋതുരാജിനൊപ്പം ഗ്രൗണ്ടില്‍ സൗഹൃദം പങ്കിടുന്നത് നിങ്ങള്‍ കാണാറുണ്ട്. ഞങ്ങള്‍ ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുണ്ട്. ഒരു ലീഡറാകാന്‍ ഔദ്യോഗിക പദവികള്‍ വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanju Samson talks about CSK captaincy  rumors

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി