എന്നെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് അദ്ദേഹമാണ്; മനസ് തുറന്ന് സഞ്ജു!
Cricket
എന്നെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് അദ്ദേഹമാണ്; മനസ് തുറന്ന് സഞ്ജു!
ശ്രീരാഗ് പാറക്കല്‍
Monday, 9th March 2026, 8:30 am

2026 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സംസാരിച്ചിരുന്നു. 2024ലെ ടി-20 ലോകകപ്പിലും താന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ലെന്നും സഞ്ജു പറഞ്ഞു.

കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്നുവെന്നും ലോകകപ്പിന് മുമ്പുള്ള ന്യൂസിലാന്‍ഡ് പരമ്പര കഴിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയിരുന്നെന്നും സഞ്ജു പറഞ്ഞു. തകര്‍ച്ചയില്‍ നിന്നും തന്നെ കരകയറ്റിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ തുടര്‍ച്ചയായ മോട്ടിവേഷനും ഉപദേശങ്ങളുമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു സ്വപ്നം കാണുന്നത് പോലെയാണ്… 2024 ലോകകപ്പിലും ഞാന്‍ ഉണ്ടായിരുന്നു പക്ഷെ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഞാന്‍ വീണ്ടും വീണ്ടും സ്വപ്നങ്ങള്‍ കണ്ടു. അതിനു വേണ്ടി വീണ്ടും വീണ്ടും പരിശീലനം നടത്തി പിന്നീട് കുറെയേറെ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായി. കഴിഞ്ഞ ന്യൂസിലാന്‍ഡ് പരമ്പര കഴിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നിരുന്നു.

എന്റെ ചിന്തകള്‍ പോലും എന്റെ നിയന്ത്രണത്തില്‍ നിന്നും നഷ്ടപെട്ടു പോയിരുന്നു. എന്നെ ആ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് ഒരാള്‍ ആണ്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ മോട്ടിവേഷനും ഉപദേശങ്ങളുമാണ് എനിക്ക് വീണ്ടും പൊരുതാന്‍ ഉള്ള ഊര്‍ജം തന്നത്….കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാന്‍ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹവുമായി വലിയ സംഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്,’ സഞ്ജു പറഞ്ഞു.

അതേസമയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടമണിഞ്ഞത്.

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.

Content Highlight: Sanju Samson Talking About Sachin Tendulkar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ