'ഇതാണ് ഞാന്‍ കളിക്കുന്ന രീതി'; ചര്‍ച്ചയായി സഞ്ജുവിന്റെ വാക്കുകള്‍
Cricket
'ഇതാണ് ഞാന്‍ കളിക്കുന്ന രീതി'; ചര്‍ച്ചയായി സഞ്ജുവിന്റെ വാക്കുകള്‍
ശ്രീരാഗ് പാറക്കല്‍
Friday, 24th April 2026, 9:52 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ് സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവായിരുന്നു.

മത്സരം ശേഷം സമ്മാനദാനചടങ്ങില്‍ സംസാരിച്ച സഞ്ജുവിന്റെ വാക്കുകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഒരു സ്ഥിരതയുള്ള ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടത് വളരെ പ്രധാനമാണെന്ന് കരുതിയെന്നും സഞ്ജു പറഞ്ഞു. മുന്‍വിധിയോടെ കളിയെ സമീപിക്കരുതെന്നും ടീമിന് മുന്‍ഗണന നല്‍കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, ഞങ്ങള്‍ക്ക് കുറച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടാറുണ്ട്. അതിനാല്‍, ഒരു സ്ഥിരതയുള്ള ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതി. അതിനാണ് ഞാന്‍ ശ്രമിച്ചത്. കളി നിങ്ങളോട് എന്തും ചെയ്യണമെന്ന് പറയും. നിങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച മനസ്ഥിതിയുമായി വരേണ്ടതില്ല, നിങ്ങള്‍ മുന്‍കൂട്ടി ആലോചിച്ച്, ഞാന്‍ ഇങ്ങനെയാണ് കളിക്കുന്നതെന്നോ ഞാന്‍ ഇങ്ങനെയാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നോ സ്വയം പറയേണ്ടതില്ല.

എന്റെ അനുഭവപരിചയത്തില്‍, ടീമിനാണ് തീര്‍ച്ചയായും മുന്‍ഗണന. ‘ഇതാണ് ഞാന്‍ കളിക്കുന്ന രീതി’ എന്ന് പറയാം, നിങ്ങള്‍ക്ക് പുറത്താകാം അല്ലെങ്കില്‍ പുറത്താകാതിരിക്കാം, പക്ഷേ എന്നില്‍ കാണിച്ച അനുഭവവും ഉത്തരവാദിത്തവും കണക്കിലെടുക്കുമ്പോള്‍, മത്സര സാഹചര്യവും ടീം എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസിലാക്കേണ്ടത് എന്റെ കടമയാണ്, അതിന് ആദ്യ പരിഗണന നല്‍കുകയും അതിനുശേഷം എന്റെ കളി ആസൂത്രണം ചെയ്യുകയും ചെയ്യും,’മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ സഞ്ജു പറഞ്ഞു.

ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു വാംഖഡെയുടെ മണ്ണില്‍ താണ്ഡവമാടിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് സഞ്ജു.

ചെന്നൈക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് അകീല്‍ ഹൊസൈനാണ്. ഇംപാക്ട് പ്ലെയറായി വന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗദരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Sanju Samson Talking About His Performance Against Mumbai Indians

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ