ഇന്ത്യയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ച സ്‌പെഷ്യല്‍ ഇന്നിങ്സ്; സഞ്ജുവിന് മുന്നില്‍ കിങ്ങും വീണു!
Cricket
ഇന്ത്യയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ച സ്‌പെഷ്യല്‍ ഇന്നിങ്സ്; സഞ്ജുവിന് മുന്നില്‍ കിങ്ങും വീണു!
ഫസീഹ പി.സി.
Monday, 9th March 2026, 4:21 pm

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടമുയര്‍ത്തിയപ്പോള്‍ സഞ്ജു സാംസണായിരുന്നു ടീമിന്റെ ബാറ്റിങ്ങില്‍ കരുത്തായത്. മലയാളി താരം ടീമിന് കരുത്തായത് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയാണ്. കിവീസിനെതിരെ ഫൈനലില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 46 പന്തില്‍ 89 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

കിവീസിനെതിരെ ഫൈനലില്‍ സഞ്ജു അടിച്ചത് എട്ട് സിക്‌സുകളും അഞ്ച് ഫോറുകളുമാണ്. 193.48 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കി.

സഞ്ജു സാംസണ്‍. Photo: BCCI/x.com

നേരത്തെ, സെമി ഫൈനലിലും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 42 പന്തില്‍ 89 റണ്‍സായിരുന്നു ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ സമ്പാദ്യം. ഈ രണ്ട് ഇന്നിങ്സുകളുടെ ബലത്തില്‍ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ എഴുതി കുറിച്ചു.

ഒരു ടി – 20 ലോകകപ്പ് നോക്ക്ഔട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടമാണ് സഞ്ജു കൈപ്പിടിയില്‍ ഒതുക്കിയത്. 178 റണ്‍സ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ ഈ നേട്ടം. ഇതാകട്ടെ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ സാക്ഷാല്‍ വിരാട് കോഹ്ലിയെ മറികടന്നാണ്.

2014ലെ ലോകകപ്പിലായിരുന്നു വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് സെമി ഫൈനലിലും ഫൈനലിലുമായി താരം സ്‌കോര്‍ ചെയ്തത് 149 റണ്‍സാണ്. ഇതുവരെ മറ്റാര്‍ക്കും ഇത് മറികടക്കാന്‍ സാധിച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ സഞ്ജുവിന്റെ തന്റെ പേരിലാക്കിയത്.

ഒരു ടി – 20 ലോകകപ്പ് നോക്ക്ഔട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 2026 – 178

വിരാട് കോഹ്ലി – ഇന്ത്യ – 2014 – 149

ടിം ഷിഫെര്‍ട്ട് – ന്യൂസിലാന്‍ഡ് – 2026 – 110

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 2026 – 109

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2022 – 106

ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും.Photo: BCCI/x.com

ഇന്ത്യക്കായി ഫൈനലില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. ഇഷാന്‍ 25 പന്തില്‍ 54 റണ്‍സും അഭിഷേക് 21 പന്തില്‍ 52 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.

Content Highlight: Sanju Samson surpass Virat Kohli in most runs in knockouts of single edition of T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി