രാജാവിന്റെ കോട്ട തകര്‍ത്ത് തീപ്പൊരി സഞ്ജു; സിംഹാസനം ഇനി ഇവന്‍ വാഴും!
Cricket
രാജാവിന്റെ കോട്ട തകര്‍ത്ത് തീപ്പൊരി സഞ്ജു; സിംഹാസനം ഇനി ഇവന്‍ വാഴും!
ശ്രീരാഗ് പാറക്കല്‍
Monday, 2nd March 2026, 7:26 am

2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 50 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സെഞ്ച്വറിക്ക് വെറും മൂന്ന് റണ്‍സ് അകലെ കളി അവസാനിച്ചെങ്കിലും സെഞ്ച്വറിയോളം വിലമതിക്കുന്ന പ്രകടനമാണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ കാഴ്ചവെച്ചത്. ഫോം മങ്ങിയതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് സഞ്ജുവിന്റെ മാച്ച് വിന്നിങ് പ്രകടനം.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പിലെ സക്‌സസ്ഫുള്‍ റണ്‍ചേസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി വാഴുന്ന ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടാനാണ് താരത്തിന് സാധിച്ചത്.

ടി-20 ലോകകപ്പിലെ സക്‌സസ്ഫുള്‍ റണ്‍ചേസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ്, എതിരാളി, വര്‍ഷം

സഞ്ജു സാംസണ്‍ – 97* – വെസ്റ്റ് ഇന്‍ഡീസ് – 2026

വിരാട് കോഹ്‌ലി – 82* – ഓസ്‌ട്രേലിയ – 2016

വിരാട് കോഹ്‌ലി – 82* – പാകിസ്ഥാന്‍ – 2022

വിരാട് കോഹ്‌ലി – 78* – പാകിസ്ഥാന്‍ – 2012

വിരാട് കോഹ്‌ലി – 72* – സൗത്ത് ആഫ്രിക്ക – 2014

മത്സരത്തില്‍ സഞ്ജുവിന് പുറകെ തിലക് വര്‍മ 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 18 റണ്‍സുമായാണ് മടങ്ങിയത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 17 റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 10 റണ്‍സിനും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതവും അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം വിന്‍ഡീസിന് വേണ്ടി 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് ടോപ് സ്‌കോറര്‍. 19 പന്തില്‍ 34* റണ്‍സ് നേടിയ റോവ്മാന്‍ പവലും 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായി ഹോപ്പും തിളങ്ങി. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍കള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങി.

 

Content Highlight: Sanju Samson Surpass Virat Kohli In Great Record In T20 World Cup For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ