ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞവരെ പോലും മാറ്റിപ്പറയിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പ്; സഞ്ജുവെന്ന ഫീനിക്‌സ് പക്ഷി
DSport
ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞവരെ പോലും മാറ്റിപ്പറയിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പ്; സഞ്ജുവെന്ന ഫീനിക്‌സ് പക്ഷി
ഫസീഹ പി.സി.
Friday, 6th March 2026, 6:30 pm

ഇന്ത്യയിലെ നൂറ് കോടിയിലധികം വരുന്ന ആരാധകരുടെ സ്വപ്നവും പ്രതീക്ഷകളും ഒരു മനുഷ്യനിലേക്ക് ചുരുങ്ങിയ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ബൈബിളിൽ ശക്തിയുടെ പ്രതീകമാണ് സാംസണ്‍. ആ പേരുമായി ഒമ്പതാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ ഒരു ശക്തന്‍ ക്രിക്കറ്റ് ദൈവത്തിന്റെ സ്വന്തം വാംഖഡയില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ കാത്തു.

ഓപ്പണിങ്ങിലെ തന്റെ സ്ഥാനം തട്ടിത്തെറിപ്പിച്ച, സ്വന്തം ക്യാപ്റ്റനാല്‍ പോലും പരിഹാസത്തിന്റെ ക്രൂരമായ അവഗണനയേറ്റുവാങ്ങേണ്ടി വന്നവന്‍ ഇന്ന് അതേ ഓപ്പണിങ് സ്ലോട്ടില്‍ ഇന്ത്യയുടെ വിജയമന്ത്രമാകുന്നു. അതെ ഇത് നമ്മുടെ ചേട്ടന്റെ തിരിച്ചുവരവാണ്. ഒപ്പം സഞ്ജുവിനെ ‘വിഴിഞ്ഞം ബ്രാഡ്മാനെന്നും’ ‘കുഞ്ചുവെന്നും’ വിളിച്ച് പരിഹസിച്ചപ്പോള്‍ തല കുനിക്കേണ്ടി വന്ന ആരാധകരുടേത് കൂടിയും.

ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ. Photo: BCCI/x.com

കഴിഞ്ഞ ദിവസം സെമിയിലെ സഞ്ജുവിന്റെ ഇന്നിങ്‌സിന് തിളക്കമേറെയായിരുന്നു. വാംഖഡെയില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് വെളിച്ചം പകര്‍ന്നായിരുന്നു താരം തിരികെ നടന്നത്. കഴിഞ്ഞ ദിവസം ഡഗ് ഔട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ അയാളുടെ ബാറ്റില്‍ നിന്ന് പിറന്നത് ഏഴ് സിക്‌സുകളും എട്ട് ഫോറുകളുമടക്കം 89 റണ്‍സായിരുന്നു.

42 പന്തുകള്‍ നേരിട്ട് 211.90 എന്ന ഉഗ്രന്‍ പ്രഹരശേഷിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. അത് വെറുമൊരു ഇന്നിങ്സ് മാത്രമായിരുന്നില്ല, തന്നെ സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ഈ മത്സരത്തിന് മുന്നോടിയായുള്ള ചര്‍ച്ചകളിലെല്ലാം സഞ്ജുവിന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെതിരെയുള്ള മോശം ട്രാക്ക് റെക്കോഡായിരുന്നു നിറഞ്ഞ് നിന്നത്.

ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ എന്ന വജ്രായുധവുമായാവും സഞ്ജുവിനെ നേരിടുക എന്നായിരുന്നു പ്രവചനങ്ങള്‍. അത് തന്നെ സംഭവിച്ചു. പക്ഷേ, ആദ്യ ഓവറില്‍ തന്നെ ഇതേ തന്ത്രമുപയോഗിച്ച് ഇംഗ്ലീഷ് താരം പന്തെറിയാന്‍ എത്തിയപ്പോള്‍ സഞ്ജുവും തന്റെ നിലപാടറിയിച്ചു. ആദ്യ രണ്ട് പന്തില്‍ റണ്‍സൊന്നും നേടിയില്ലെങ്കിലും മൂന്നാം പന്തില്‍ ഫോറും അടുത്ത പന്തില്‍ സിക്‌സുമടിച്ച് താന്‍ ഇനിയും മുട്ടുകുത്താന്‍ ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു .

ആര്‍ച്ചര്‍ തന്റെ രണ്ടാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ സഞ്ജുവിന് ഒന്ന് പിഴച്ചെങ്കിലും ഭാഗ്യം താരത്തിന് ഒപ്പമായിരുന്നു. ആ ഓവറിലും അയാള്‍ ആര്‍ച്ചറിനെ ദാക്ഷിണ്യമില്ലാതെ പ്രഹരിച്ചു. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

അളന്ന് മുറിച്ച ഷോട്ടുകള്‍ കളിച്ച് സഞ്ജു തന്റെയും ടീമിന്റെയും റണ്‍സ് ഉയര്‍ത്തി കൊണ്ടേയിരുന്നു. ഒടുവില്‍ ടീം സ്‌കോര്‍ ഒന്നുകൂടി ഉയര്‍ത്താനുള്ള ശ്രമത്തില്‍ അയാള്‍ സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ തിരികെ നടന്നു. അപ്പോള്‍ കമന്ററി ബോക്‌സില്‍ നിന്ന് ഇങ്ങനെ കേള്‍ക്കാമായിരുന്നു ‘സഞ്ജുവിന് സെഞ്ച്വറി നേടാമായിരുന്നു. പക്ഷേ, അയാള്‍ എന്നും വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിനാണ് മുന്‍ഗണന കൊടുത്തിട്ടുള്ളതെന്ന്.

അതേ, സഞ്ജുവെന്ന താരത്തിന് എന്നും ടീമായിരുന്നു പ്രധാനം. പക്ഷേ, ആ സ്‌നേഹം താരത്തിന് തിരികെ ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അതിന് ഉദാഹരണമാണ് മികച്ച രീതിയില്‍ കളിക്കവെ ഏഷ്യാ കപ്പില്‍ ആദ്യം ഓപ്പണിങ് സ്‌പോട്ടും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായത്. ഒപ്പം ഈ ലോകകപ്പിനിടെ സഞ്ജു കളിക്കുമോയെന്ന ചോദ്യത്തിനുള്ള സൂര്യയുടെ പരിഹാസ ചിരിയും.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജു സാംസൺ. Photo: BCCI/x.com

ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് കഴിഞ്ഞ രണ്ട് ഇന്നിങ്സുകളിലുമായി സഞ്ജു തന്റെ ബാറ്റ് കൊണ്ട് നല്‍കിയത്. തന്നെ വിമര്‍ശിച്ചും പരിഹസിച്ചും അതിലെല്ലാം ഉപരി തഴഞ്ഞും മുറിപ്പെടുത്തിയവര്‍ക്ക് ഇതില്‍ പരം എന്ത് സമ്മാനമാണ് അയാള്‍ നല്‍കുക. ഇപ്പോള്‍ അയാള്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒരു ഫിനീഷ് പക്ഷിയെ പോലെ പറയുന്നുയരുകയാണ്.

സഞ്ജുവിന് ഒന്നും സാധിക്കില്ലെന്ന് പറഞ്ഞവരെയൊക്ക ഇവനെ കൊണ്ട് മാത്രമേ ടീമിനെ ജയിപ്പിക്കാനാവൂയെന്ന് മാറ്റിപ്പറയിച്ചാണ് താരം വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്. ആ വിശ്വാസം കാത്താണ് ജീവന്‍ മരണ പോരാട്ടത്തില്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സടിച്ച് ഇന്ത്യയെ വിജയിപ്പിച്ച് സെമി ഫൈനലിലേക്ക് കൈപിടിച്ചുനടന്നത്.

ഇപ്പോളിതാ സെമി ഫൈനലിലും വിജയിപ്പിച്ച് ടീമിനെ ഫൈനലില്‍ എത്തിച്ചിരിക്കുന്നു. ഈ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റിയോടൊപ്പം കളിയിലെ താരമെന്ന പട്ടവും തന്റെ അക്കൗണ്ടിലെത്തിച്ചിരുന്നു. ഇതെല്ലാം കരിയര്‍ തുടങ്ങി പത്ത് വര്‍ഷങ്ങളായിട്ടും ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാത്ത, ലോകകപ്പിന്റെ തുടക്കത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പില്ലാതിരുന്ന ഒരാളില്‍ നിന്നാണ് എന്നത് ചേര്‍ത്ത് വെക്കണം.

സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം. Photo: ICC/x.com

വെറും നാല് മത്സരങ്ങളില്‍ കളിച്ച സഞ്ജുവിലാണ് ഇപ്പോള്‍ ആരാധകരുടെ മാത്രമല്ല, ഇന്ത്യന്‍ ടീമിന്റെയും പ്രതീക്ഷകള്‍. ഫൈനലിലും താരം തന്റെ ബാറ്റില്‍ വിസ്‌മയം തീര്‍ക്കുമെന്നാണ് സഞ്ജു പി.ആറിന്റെ ബലത്തിലാണ് ടീമിലെത്തിയതെന്ന് വാദിച്ചവരടക്കം ആഗ്രഹിക്കുന്നത്. ഇതിനെ കാലത്തിന്റെ കാവ്യനീതിയല്ലാതെ എന്താണ് വിളിക്കുക.

Content Highlight: Sanju Samson’ stunning performance in T20 World Cup 2026 after he returned to Indian playing eleven

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി