'അവസരമുണ്ടായിട്ടും നിര്‍ഭാഗ്യം'; ഇരട്ട നേട്ടത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം!
Sanju Samson
'അവസരമുണ്ടായിട്ടും നിര്‍ഭാഗ്യം'; ഇരട്ട നേട്ടത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം!
ശ്രീരാഗ് പാറക്കല്‍
Wednesday, 17th December 2025, 10:16 pm

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്.
ഡിസംബര്‍ 19നാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം അരങ്ങേറുന്നത്. അഹമ്മദാബാദാണ് വേദി.

ഇന്ന് (ഡിസംബര്‍ 16) ഉപേക്ഷിച്ച മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്ക് പറ്റിയത് കാരണം കളത്തിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മോശം ഫോമില്‍ തുടരുന്ന ഗില്ലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഗില്‍ എകാനയില്‍ നടക്കേണ്ട മത്സരത്തില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, Photo: x.com

എന്നാല്‍ ഗില്ലിന് പകരം ഇറങ്ങാന്‍ ഏറെ സാധ്യതയുള്ള താരം സഞ്ജു സാംസണായിരുന്നു. മികച്ച പ്രകടനങ്ങളുണ്ടായിട്ടും താരത്തിന് പരമ്പരയില്‍ അവസരം നല്‍കാത്തതിനെ വിമര്‍ശിച്ച് സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പക്ഷെ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടായിട്ടും ഭാഗ്യം സഞ്ജുവിനെ തുണച്ചില്ല. ഇതോടെ ഒരു ഇരട്ട നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്.

ടി-20 ഫോര്‍മാറ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ള ആദ്യത്തെ അവസരം. ഇതിനായി ഇനി വെറും നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് വേണ്ടത്. അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള രണ്ടാമത്തെ അവസരം ഇതിനായി സഞ്ജുവിന് ഇനി അഞ്ച് റണ്‍സ് സ്വന്തമാക്കണം.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്

Content Highlight: Sanju Samson still has to wait for two records


ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ