സഞ്ജുവിന് തിരിച്ചടി; സൂര്യയുടെ പിന്‍ഗാമികളവാന്‍ ശ്രേയസും തിലകും?
Cricket
സഞ്ജുവിന് തിരിച്ചടി; സൂര്യയുടെ പിന്‍ഗാമികളവാന്‍ ശ്രേയസും തിലകും?
ഫസീഹ പി.സി.
Thursday, 4th June 2026, 7:08 am

ഇന്ത്യന്‍ ടി – 20 ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളിലെ സജീവ ചര്‍ച്ച. ഇന്ത്യയ്ക്ക് രണ്ടാം കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ബി.സി.സി.ഐ മറ്റൊനൊരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍, ഒരു പരമ്പരയില്‍ കൂടി സ്‌കൈ തുടര്‍ന്നേക്കുമെന്ന സൂചനയുമുണ്ടായിരുന്നു.

അതോടെ സൂര്യയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്.

സഞ്ജു സാംസൺ. Photo: BCCI/x.com

എന്നാലിപ്പോള്‍ പുറത്ത് വരുന്നത് സഞ്ജു ക്യാപ്റ്റന്‍സി ചര്‍ച്ചകളില്‍ നിന്ന് പുറത്തായി എന്ന വാര്‍ത്തയാണ്. ടി – 20 ലോകകപ്പിലും ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും സ്ഥിരതയാണ് താരത്തിന് വിനയായത് എന്നാണ് വിവരം.

‘ലോകകപ്പില്‍ അക്സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന് പ്രായവും ഫോമും നേതൃത്വഗുണങ്ങളുമുണ്ട്. ഒപ്പം സഞ്ജു സാംസണിന്റെ പേരും ചര്‍ച്ചയില്‍ സജീവമാണ്. സമീപകാലത്തെ മികച്ച ഫോം അവന് ഗുണകരമാണെങ്കിലും, കളിയിലെ സ്ഥിരതയില്ലായ്മ ടീം മാനേജ്മെന്റിന് ആശങ്കയാണ്,’ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രേയസ് അയ്യർ.

അതേസമയം, ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍സിയില്‍ മാറ്റുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ശ്രേയസ് അയ്യരിനെ ക്യാപ്റ്റനും തിലക് വര്‍മയെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് സഞ്ജുവിനോടായിരുന്നു കൂടുതല്‍ താത്പര്യങ്ങളെങ്കിലും സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ശ്രേയസിലേക്ക് എത്തിയത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ശ്രേയസിന് മുന്‍ഗണന നല്‍കുകയായിരുന്നു.

Content Highlight: Sanju Samson set  remove from India’s T20I captaincy discussion; Shreyas Iyer and Tilak Varma are frontrunners: Report

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി