ചരിത്രത്തിൽ രണ്ടാമൻ; തിരിച്ചടിയിൽ രോഹിത്തിന് താഴെ സഞ്ജു
Cricket
ചരിത്രത്തിൽ രണ്ടാമൻ; തിരിച്ചടിയിൽ രോഹിത്തിന് താഴെ സഞ്ജു
സുദേവ് എ
Monday, 29th June 2026, 9:06 am

ചരിത്രത്തിലാദ്യമായി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരിസ് കൈവിട്ടത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു.

അവസാന ടി-20യില്‍ ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഈ മത്സരത്തില്‍ ഏവരും ഉറ്റുനോക്കിയത് മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനായിരുന്നു. എന്നാല്‍ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു നടത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയായിരുന്നു. ജയ് മൂന്ദ്രയാണ് മലയാളി താരത്തെ വീഴ്ത്തിയത്.

മറ്റൊരു മത്സരത്തില്‍ കൂടി പൂജ്യത്തിന് മടങ്ങിയതോടെ ഒരു മോശം റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് സഞ്ജു മാറിയത്. എട്ട് തവണയാണ് സഞ്ജു ഇതുവരെ ഇന്ത്യന്‍ കുപ്പായത്തില്‍ ഡക്കായത്.

ഏഴ് തവണ പൂജ്യത്തിന് മടങ്ങിയ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി എന്നിവരെയാണ് സഞ്ജു ഈ മോശം റെക്കോഡില്‍ മറികടന്നത്. 12 തവണ പൂജ്യത്തിന് പുറത്തായ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മയും പൂജ്യത്തിന് മടങ്ങി. ഇന്ത്യന്‍ നിരയില്‍ തിലക് വര്‍മയാണ് പൊരുതി നിന്നത്. തിലക് വര്‍മ 46 പന്തില്‍ 55 റണ്‍സായിരുന്നു നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

മറുഭാഗത്ത് ജയ് മൂന്ദ്രയുടെയും മാത്യു ഹൊള്ളാര്‍ഡിന്റെയും ബൗളിങ് മികവാണ് അയര്‍ലാന്‍ഡിന് വിജയം സമ്മാനിച്ചത്. ഐറിഷ്പടക്കായി മാത്യു ഹൊള്ളാര്‍ഡും ജയ് മൂന്ദ്രയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാത്യു ഹംഫ്രെസ്, ഹാരി റെക്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ആദ്യം ബാറ്റ് ചെയ്ത ഐറിഷ്പടക്കായി ഹാരി ടെക്ടര്‍ അര്‍ധ സെഞ്ച്വറി നേടി. 47 പന്തില്‍ 53 റണ്‍സാണ് ടെക്ടര്‍ സ്വന്തമാക്കിയത്.

 

Content Highlight: Sanju Samson set a unwanted record for India in T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.