ടി-20 ലോകകപ്പില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന സൂപ്പര്‍ 8 മത്സരത്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരിട്ട 26ാം പന്തില്‍ ഫോറടിച്ചാണ് സഞ്ജു ഫിഫ്റ്റിയടിച്ചത്.
അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയ മത്സരത്തിലാണ് സഞ്ജു തിളങ്ങിയത് എന്നതും ശ്രദ്ധേയമാണ്. അഭിഷേകും ഇഷാനും പത്ത് റണ്‍സ് വീതം നേടി മടങ്ങിയപ്പോള്‍ ഒരു വശത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നിര്‍ത്തി സഞ്ജു സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
തന്റെ സ്വതസിദ്ധമായ രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് തന്നെയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു പുറത്തെടുത്തത്. അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കളയുന്നു എന്ന വിമര്‍ശനങ്ങളെ കരുത്താക്കി മികച്ച പന്തുകളെ മാത്രം ആക്രമിച്ച്, അപ്പോഴും സ്‌ട്രൈക് കുറയാതെ സഞ്ജു ബാറ്റ് വീശി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ സാക്ഷിയാക്കിയാണ് സഞ്ജു ടി-20 ലോകകപ്പില്‍ തന്റെ ആദ്യ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഇതിനെ കാവ്യനീതിയായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ സഞ്ജുവിനെ ഇടിച്ചുതാഴ്ത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു.
അഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും പകരം സഞ്ജുവിനെ കളിപ്പിക്കാനാവില്ല എന്ന് പരിഹാസച്ചിരിയോടെ തുറന്നടിക്കുകയാണ് സൂര്യ ചെയ്തത്. എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സഞ്ജുവില്ലാതെ ഇറങ്ങിയ ഇന്ത്യ പരാജയം രുചിക്കുകയും ചെയ്തു.
നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലാണ് ഇന്ത്യ. 32 പന്തില്‍ 56 റണ്‍സുമായി സഞ്ജുവും ഒരു പന്തില്‍ ഒരു റണ്ണുമായി തിലക് വര്‍മയുമാണ് ക്രീസില്‍.
Content Highlight: Sanju Samson scored half century against West Indies