ഐ.സി.സി ടി-20 ലോകകപ്പിന് ഇനി കൃത്യം ഒരു മാസത്തിന്റെ കാത്തിരിപ്പ്. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന്റെ ആതിഥേയര്‍. സ്വന്തം മണ്ണില്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ കപ്പ് മോഹിച്ച് തന്നെയാണ് ഏറ്റവും വലിയ ലോകകപ്പില്‍ മറ്റ് ടീമുകളും കളത്തിലിറങ്ങുന്നത്.
മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ലോകകപ്പിനെ നേരിടാനൊരുങ്ങുന്നത്. രോഹിത് ശര്‍മയുടെ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള കരുത്ത് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ്ക്കുണ്ട്. ഓപ്പണിങ് മുതല്‍ വെടിക്കെട്ടിന് തിരി കൊളുത്താന്‍ പോന്ന താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യ, കൂറ്റന്‍ സ്‌കോറുകള്‍ തന്നെ പടുത്തുയര്‍ത്തും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഓപ്പണറുടെ റോളിലേക്ക് മടങ്ങിയെത്തുന്നു എന്നത് തന്നെയാണ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്. ശുഭ്മന്‍ ഗില്ലിന് ഇടമില്ലാത്ത ലോകകപ്പ് ടീമില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പമാകും സഞ്ജു ആദ്യ വിക്കറ്റില്‍ കളത്തിലിറങ്ങുക.
അഭിഷേക് – സഞ്ജു ജോഡിയുടെ അറ്റാക്കിങ് ക്രിക്കറ്റ് ശൈലിക്ക് ആരാധകരേറെയാണ്. രണ്ട് വശത്ത് നിന്നും എതിരാളികളെ തല്ലിയൊതുക്കാന്‍ പോന്ന എക്‌സ്‌പ്ലോസീവ് ബാറ്റര്‍മാരാണ് ഇരുവരും.
ലോകകപ്പില്‍ തന്റെ പഴയ സ്ഥാനത്തേക്ക് സഞ്ജു മടങ്ങിയെത്തുമ്പോള്‍ 2024ലെ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനവും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും തന്നെയാണ് ആരാധകരുടെ മനസിലുണ്ടാവുക. സഞ്ജു എന്ന താരത്തിന്റെ ഹാര്‍ഡ് ഹിറ്റിങ് കേപ്പബിലിറ്റിക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2024.
കരിയറിലെ ആദ്യ ടി-20 ഐ സെഞ്ച്വറിയടക്കം മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറികളാണ് സഞ്ജു 2024ല്‍ അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ സെഞ്ച്വറി നേടിയ താരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ എതിരാളികളുടെ തട്ടകത്തില്‍ രണ്ട് സെഞ്ച്വറികളും നേടി.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 47 പന്തില്‍ 111 റണ്‍സടിച്ചാണ് താരം പുറത്തായത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ഖ്യാതിയോടെയാണ് സഞ്ജു മൂന്നക്കം തൊട്ടത്.
ക്യാപ്റ്റനൊപ്പം സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു. Photo: BCCI/x.com
എട്ട് സിക്‌സറും 11 ഫോറും അടക്കം 236.17 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്.
ആകെ നേടിയ എട്ട് സിക്‌സറില്‍ അഞ്ചും ഒറ്റ ഓവറില്‍ തന്നെയായിരുന്നു. ബംഗ്ലാ സൂപ്പര്‍ സ്പിന്നര്‍ റിഷാദ് ഹൊസൈനെതിരെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം.
റിഷാദ് ഹൊസൈന്റെ ആദ്യ ഓവറില്‍ സഞ്ജുവും സൂര്യയും ചേര്‍ന്ന് 16 റണ്‍സ് നേടിയിരുന്നു. താരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം. രണ്ട് ഓവറില്‍ 46 റണ്‍സ് വഴങ്ങിയതോടെ റിഷാദിനെ പന്തേല്‍പ്പിക്കാന്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും മടിച്ചു. മത്സരത്തില്‍ റിഷാദ് ശേഷം പന്തെറിഞ്ഞില്ല.
സഞ്ജുവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 297 റണ്‍സ് നേടി. 75 റണ്‍സടിച്ച ക്യാപ്റ്റന്‍ സൂര്യയും 47 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍.
A perfect finish to the T20I series 🙌#TeamIndia register a mammoth 133-run victory in the 3rd T20I and complete a 3⃣-0⃣ series win 👏👏
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.
Content Highlight: Sanju Samson scored a century against Bangladesh in 2024, including five sixes in an over.