2026 ഐ.പി.എല്ലില്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.
ഇപ്പോള്‍ രാജസ്ഥാന്‍ വിട്ട് ചെന്നെയിലേക്ക് പോവാനുള്ളതിന്റെ പ്രധാന കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. എം.എസ് ധോണിയുടെ സാന്നിധ്യവും ടീമിലെ അന്തരീക്ഷവും കാരണം ചെന്നൈയിലേക്ക് പോവാന്‍ താന്‍ ആഗ്രഹിച്ചതെന്നാണ് സഞ്ജു പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ആ സമയങ്ങളില്‍ എനിക്ക് രണ്ടോ മൂന്നോ ടീമുകളില്‍ ചേരാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ സത്യത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ സ്വാധീനം, ആ ഫ്രാഞ്ചൈസിയുടെ അന്തരീക്ഷം, കൂടാതെ എന്റെ സുഹൃത്തുക്കള്‍ പ്രത്യേകിച്ച് ഋതുരാജുമായുള്ള നല്ല ബന്ധം എന്നിവ കാരണം സി.എസ്.കെയില്‍ കളിക്കാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. മറ്റു താരങ്ങളില്‍ നിന്നും സി.എസ്.കെയെ കുറിച്ച് കേട്ട കാര്യങ്ങളും എന്നെ ആകര്‍ഷിച്ചു.
ആ ടീം എനിക്ക് നന്നായി യോജിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ഒരു ട്രേഡ് നടക്കുന്നത് എളുപ്പമല്ല. എനിക്ക് അവിടെ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് എന്നെ വേണമോ, എന്റെ പഴയ ടീമിന് പകരം വേണ്ടത് കിട്ടുമോ എന്നിങ്ങനെനെയുള്ള കാര്യങ്ങള്‍ എല്ലാവരും സമ്മതിക്കേണ്ടതായിരുന്നു. ഭാഗ്യവശാല്‍ എല്ലാം മികച്ച രീതിയില്‍ നടന്നു. ഞാന്‍ സി.എസ്.കെയിലെത്തി ഇത് എനിക്ക് വളരെ മികച്ച അനുഭവമായിരുന്നു,’ സഞ്ജു സാംസണ്‍ പറഞ്ഞു.
2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.
Content Highlight: Sanju Samson reveals the reasons to joining Chennai super kings