തന്റെ കരിയറില്‍ കരുത്തായത് നാട്ടുകാര്‍ നല്‍കിയ പിന്തുണയും സ്‌നേഹവുമാണെന്ന് തുറന്ന് പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. വിഴിഞ്ഞത്ത് താന്‍ ചെറുപ്പകാലത്ത് കളിക്കാന്‍ എത്തിയിരുന്നുവെന്നും അപ്പോള്‍ ഔട്ടോ ഡ്രൈവര്‍ നീ ഇന്ത്യക്കായി ഒരിക്കല്‍ കളിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം ഓര്‍ത്തെടുത്തു.
കൂടാതെ വലിയ ബാഗുമായി നടന്ന് പോകുമ്പോള്‍ ഓട്ടോ ചേട്ടന്മാര്‍ സ്റ്റാന്‍ഡിലേക്ക് ആക്കിത്തരാറുണ്ടായിരുന്നുവെന്നും അത്തരം പിന്തുണയ്ക്ക് നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
സഞ്ജു സാംസൺ. Photo: Team Samson/x.com
‘ചെറുപ്പകാലത്ത് അച്ഛനും അമ്മയും അപ്പൂപ്പന്മാരും ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടുവന്ന സ്ഥലമാണിത്. ആ ഒരു ഓര്‍മയുണ്ട് ഇവിടെ. അച്ഛനും അമ്മയും വിഴിഞ്ഞം മുതല്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് വരെ കൊണ്ടുവരും. ചിലപ്പോള്‍ ഞാനും ചേട്ടനും വലിയ ബാഗ് തൂക്കി നടന്നുപോകാറുണ്ടായിരുന്നു. അപ്പോള്‍ നിന്നെക്കൊണ്ട് പറ്റുമെടാ, ഒരു ദിവസം നീ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് പിന്തുണച്ചവര്‍ ഒരുപാടുണ്ട്. അതിലെ പല ചേട്ടന്മാരുടെയും മുഖം എനിക്ക് ഇവിടെ കാണാം. അവരോട് നന്ദി പറയുന്നു.
ഇവിടത്തെ ഓട്ടോ ചേട്ടമ്മാരെ കുറിച്ചാണ് എടുത്ത് പറയേണ്ടത്. ബാറ്റിങ് കിറ്റുമായി നടന്ന പോകുന്ന സമയത്ത് പല ഓട്ടോ ചേട്ടന്മാര്‍ പലപ്പോഴും ബസ് സ്റ്റാന്‍ഡിലാക്കി തന്നിട്ടുണ്ട്,’ സഞ്ജു പറഞ്ഞു
അച്ഛന്റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും എന്ത് പരിപാടി ഉണ്ടെങ്കിലും മാറ്റി വെച്ച് ഈ പരിപാടിക്ക് എത്തണമെന്ന് അച്ഛന്‍ പറഞ്ഞെന്നും സഞ്ജു വെളിപ്പെടുത്തി. ഇന്ത്യന്‍ ടീമിനൊപ്പമാണെങ്കിലും ഒരു ദിവസം വിഴിഞ്ഞത്തുകാര്‍ക്ക് നല്‍കാമെന്ന് അച്ഛന്‍ പറഞ്ഞു. എനിക്ക് വലിയ പിന്തുണയും സ്‌നേഹവും തന്നവരോട് ഒരുപാട് നന്ദിയുണ്ട്.
നമ്മുക്ക് ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏത് സ്വപ്നവും നേടാന്‍ കഴിയും. അതിനായി കഠിനാധ്വാനം ചെയ്യുകയും ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരികയുമാണെങ്കില്‍ നിങ്ങള്‍ക്കതില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് പറയാനുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Sanju Samson reveals that lot of people from Kerala supported that he can play once for Indian Cricket Team