2026 ഐ.പി.എല്ലിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജു സാംസണും. സീസണിലെ അവസാന മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സി.എസ്.കെ കളത്തിലിറങ്ങുന്നത്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടാണ് കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.
മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാനത്തെ പോരാട്ടത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഐ.പി.എല്ലില്‍ 250 സിക്സറുകള്‍ എന്ന പുത്തന്‍ നാഴികക്കല്ലാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് ഏഴ് സിക്‌സറുകളാണ്.
ഇതുവരെ ഐ.പി.എല്ലില്‍ 243 സിക്‌സുകളാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സിക്‌സുകള്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ 13 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഗുജറാത്ത് ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഹൈദരാബാദ് ചെന്നൈയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയത്.
നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് ടേബിള്‍ ടോപ് ഉറപ്പാക്കണമെങ്കില്‍ ചെന്നൈക്കെതിരെ വിജയം അനിവാര്യമാണ്. 13 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയിന്റാണ് ഗുജറാത്തിന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Sanju Samson need 7 six to complete 250 six in ipl