ഫൂട്ട് വര്‍ക്കിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി; സഞ്ജു വെല്‍ക്കം ബാക്ക്!
Discourse
ഫൂട്ട് വര്‍ക്കിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി; സഞ്ജു വെല്‍ക്കം ബാക്ക്!
ശ്രീരാഗ് പാറക്കല്‍
Monday, 2nd March 2026, 6:24 pm

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കരീബിയന്‍ പടയെ നേരിടുമ്പോള്‍ വിജയം മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം, എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആ ലക്ഷ്യം അത്ര എളുപ്പമായിരുന്നില്ല. ഓപ്പണിങ് ഇറങ്ങിയ അഭിഷേക് ശര്‍മ മുതല്‍ ഹര്‍ദിക് പാണ്ഡ്യയെ വരെ വിന്‍ഡീസിന്റെ വലയില്‍ വീണു…

ആശങ്ക പടര്‍ന്ന നിമിഷങ്ങളില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസമായി ഒരാള്‍ പൊരുതുന്നുണ്ടായിരുന്നു, സമ്മര്‍ദത്തിന്റെ ഒരു തരിമ്പ് പോലും അയാക്ക് ഉണ്ടായിരുന്നില്ലെന്ന് വ്യക്തം, അത് അയാളുടെ ബാറ്റിങ്ങിന്റെ ഓരോ ചുവട് വെപ്പിലും കാണാന്‍ സാധിക്കുമായിരുന്നു.

ഗാലറിയിലും കമന്ററി ബോക്‌സുകളിലും അയാളുടെ പേര് മുഴങ്ങിക്കൊണ്ടിരുന്നു… ഒടുക്കം വിന്‍ഡീസ് ഉയര്‍ത്തിയ റണ്‍മല മറികടക്കുമ്പോള്‍ സഞ്ജു സാംസണ്‍ എന്ന ആ പേര് ഒരു ജനതയുടെ ഹൃദയത്തിലാണ് പതിഞ്ഞത്. സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ 2026 ടി-20 ലോകകപ്പ് സെമി ഫൈനലിലെത്തുമ്പോള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരമായി മാറി!

സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുമ്പോള്‍- Photo:bcci

കരീബിയന്‍ പടയ്‌ക്കെതിരെ 50 പന്തില്‍ പുറത്താകാതെ 97* റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 194.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു നാല് സിക്‌സറും 12 ഫോറുമായിരുന്നു ഗാലറിയിലേക്ക് അടിച്ചിട്ടത്. മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും സെഞ്ച്വറിയോളം പോന്ന സഞ്ജുവിന്റെ ആ ഇന്നിങ്‌സ് പലരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു.

2024ലെ ലോകകപ്പില്‍ ബെഞ്ചിലിരുന്ന് കളി കണ്ട സഞ്ജു 2026ലെ ടി-20 ലോകകപ്പ് ടീമില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനം പിടിച്ചു. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.

ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്, പ്രകടനം മങ്ങിയ സഞ്ജുവിന് തിരിച്ചടിയായി. ഒടുക്കം ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായി. സഞ്ജുവിന്റെ ഫോമിനെ പലരും ചോദ്യം ചെയ്തു, ഇടം വലം കൊത്തിപ്പറച്ചു. പല സാഹചര്യങ്ങളിലും മാറ്റിനിര്‍ത്തപ്പെട്ട സഞ്ജുവിന്റെ മുഖം ഒരു ആരാധകരും മറന്നുകാണില്ല. അപ്പോഴും തന്റെ ആത്മവിശ്വാസത്തിന്റെ അഗ്നി അണയാതെ സഞ്ജു കാത്തിരുന്നു.

ഒടുക്കം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തനിക്ക് അവസരം ലഭിച്ചപ്പോള്‍ അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനായി ഇറങ്ങി സഞ്ജു വെടിക്കെട്ടിന്റെ ആദ്യ തിരികൊളുത്തി. നമീബിയക്കെതിരെ എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും നേടി 22 റണ്‍സുമായി മടങ്ങി. ആ ഇന്നിങ്‌സ് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു.

സഞ്ജു സാംസണ്‍ നമീബിയക്കെതിരെ ബാറ്റ് ചെയ്യുന്നത്- Photo:bcci

മറുഭാഗത്ത് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഡക്ക് നേടി ഓപ്പണര്‍ അഭിഷേക് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് സഞ്ജുവിനെയും ഇലവനില്‍ ഉള്‍പ്പെടുത്തി സിംബാബ്‌വേക്കെതിരെ ഇന്ത്യയ്ക്ക് കളത്തിലിറങ്ങേണ്ടി വന്നു. മത്സരത്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി ടീമിന് മികച്ച സ്റ്റാര്‍ട്ട് നല്‍കാന്‍ സഞ്ജുവിന് സാധിച്ചു.

ടീം ആവശ്യപ്പെട്ടത് നല്‍കിയതോടെ സഞ്ജുവിന്റ ആത്മവിശ്വാസം ഉയര്‍ന്നു. ഫിനിഷിങ് റോളില്‍ നിന്ന് റിങ്കു സിങ്ങിനെ മാറ്റി സഞ്ജുവിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആ പ്ലെയിങ് ഇലവന്‍ ലോകകപ്പില്‍ ആദ്യം മുതലേ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓരോരുത്തരും ആഗ്രഹിച്ചുപോകും.

എന്നാല്‍ വിന്‍ഡീസിനെതിരെ ജീവന്‍മരണ പോരാട്ടം സഞ്ജുവിനും സമാനമായിരുന്നു. സമ്മര്‍ദ ഘട്ടങ്ങളില്‍ സഞ്ജുവിനെ വെച്ച് പന്താടുന്ന ഒട്ടനവധി സാഹചര്യങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ഈ ഒരു കടമ്പ എങ്ങനെ സഞ്ജു മറികടക്കുമെന്ന് ഓരോരുത്തരുടെയും ഉള്ളില്‍ കൊണ്ടുവന്ന ടെന്‍ഷന്‍ ചെറുതൊന്നുമായിരിക്കില്ല.

എന്നാല്‍ സഞ്ജു ക്രീസിലുണ്ടെങ്കില്‍ നെഞ്ചിടിക്കുന്ന ആരാധകര്‍ ഇത്തവണ ഇരട്ടി സന്തോഷത്തിലായി… ബാക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഫൂട്ട്‌വര്‍ക്കില്ലാതെയും സഞ്ജു കളം നിറഞ്ഞാടി, സഞ്ജുവിന്റെ ഫൂട്ട് വര്‍ക്കിനെ കുറ്റം പറഞ്ഞവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി!

മത്സരത്തില്‍ വിന്‍ഡീസിനെതിരെ സ്പിന്നും പേസും നേരിടുന്നതുമുതല്‍ എല്ലാത്തിലും സഞ്ജു കൃത്യത കാണിച്ചു.

ഒടുക്കം വിമര്‍ശിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും വേണ്ടി സഞ്ജു തന്റെ പൊട്ടന്‍ഷ്യല്‍ കാണിച്ചു കൊടുത്തു… 97ല്‍ നോട്ട് ഔട്ട്, മാച്ച് വിന്നിങ് പെര്‍ഫോമന്‍സ്!

‘ചിരിച്ചുതള്ളിയ’ ക്യാപ്റ്റന്‍ മുതല്‍ പരിശീലകന്‍ ഗംഭീര്‍ വരെ സഞ്ജുവിനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചു…

‘ഈ നിമിഷം എന്റെ സ്വപ്‌നമായിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിക്കുകയും ചെയ്തിരുന്നു. ‘ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നും എന്നെക്കൊണ്ട് ഇത് സാധിക്കുമോ’ എന്നെല്ലാം ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ ഞാന്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത് തുടര്‍ന്നു. പന്തില്‍ തന്നെ ഫോക്കസ് ചെയ്തു, ഞാന്‍ വളരെ സന്തോഷവാനാണ്. ദൈവത്തിന് നന്ദി പറയുന്നു,’

മത്സര ശേഷം സഞ്ജു പറഞ്ഞ വാക്കുകള്‍ ഏവരുടേയും മനസലിയിപ്പിക്കുന്നതായിരുന്നു.

അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേിരടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

 

Content Highlight: Sanju Samson makes a comeback in a crucial match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ