2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായിരുന്ന സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ടീമില്‍ നിന്ന് പുറത്തായി. അതിനാല്‍ തന്നെ 2026 ഫെബ്രുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മലയാളി താരത്തെ വീണ്ടും ഓപ്പണര്‍ സ്ഥാനത്ത് കാണാന്‍ സാധിച്ചേക്കും.
കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കക്ക് എതിരായ മത്സരത്തില്‍ സഞ്ജു ഓപ്പണിങ്ങില്‍ തിരിച്ചെത്തിയിരുന്നു. പത്ത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു മലയാളി താരം ഓപ്പണിങ്ങില്‍ ഇറങ്ങിയത്. മത്സരത്തില്‍ 22 പന്തില്‍ 37 റണ്‍സ് എടുത്ത് മികവ് പുലര്‍ത്തി. അതിന് പിന്നാലെയാണ് താരം ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഗില്ലിന്റെ അഭാവത്തില്‍ തീര്‍ച്ചയായും മലയാളി വിക്കറ്റ് കീപ്പര്‍ തന്നെ ഓപ്പണിങ്ങില്‍ ഇറങ്ങുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
ഒരു വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി മികവ് പുലര്‍ത്തിയിട്ടും ഗില്ലിന്റെ വൈസ് ക്യാപ്റ്റനായുള്ള വരവോടെയായിരുന്നു സഞ്ജുവിന് സ്ഥാനം കൈവിടേണ്ടി വന്നത്. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ടി – 20യില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് 31കാരന്‍ ടീമില്‍ ഓപ്പണറായത്. 2024ല്‍ ടീമില്‍ ഓപ്പണറായതിന് ശേഷം താരം നടത്തിയത് മിന്നും പ്രകടനമായിരുന്നു.
ആ വര്‍ഷം എട്ട് ഇന്നിങ്സുകളാണ് സഞ്ജു ഓപ്പണറായി കളത്തില്‍ ഇറങ്ങിയത്. അതില്‍ മൂന്ന് തവണ താരം തിരികെ നടന്നത് സെഞ്ച്വറി തിളക്കവുമായാണ്. കൂടാതെ, 366 റണ്‍സും ആ വര്‍ഷം തന്റെ പേരിനൊപ്പം മലയാളി താരം ചേര്‍ത്തു. ഈ പ്രകടനത്തിന്റെ മികവില്‍ അടുത്ത വര്‍ഷവും സഞ്ജു തന്നെ ഓപ്പണിങ്ങില്‍ എത്തി.
എന്നാല്‍, സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന് 2025ല്‍ വലിയ ആയുസുണ്ടായിരുന്നില്ല. ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടിന് എതിരെ ഓപ്പണറായി ഇറങ്ങിയതിന് ശേഷം താരത്തിന് ഈ സ്ഥാനം കിട്ടാക്കനിയായി മാറി. ഇംഗ്ലണ്ടിനെതിരെ 2024ല്‍ കുട്ടിക്രിക്കറ്റില്‍ കാഴ്ച വെച്ച പ്രകടനം നടത്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചിരുന്നില്ല.
ശുഭ്മൻ ഗിൽ. Photo: Anand Shukla/x.com
ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം മറ്റൊരു ടി – 20 മത്സരത്തിന് ഇറങ്ങിയത് ഏഷ്യാ കപ്പിലായിരുന്നു. അതിലാകട്ടെ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി എത്തി. അതോടെ സഞ്ജുവിന് തന്റെ ഓപ്പണിങ് സ്ഥാനം കൈവിടേണ്ടി വന്നു. ആ ടൂര്‍ണമെന്റില്‍ മാത്രമല്ല, പിന്നീട് ഇന്ത്യന്‍ സംഘം ഓസ്ട്രേലിയെയും സൗത്ത് ആഫ്രിക്കയെയും നേരിട്ടപ്പോളും താരത്തിന് ടീമില്‍ വലിയ റോളുകള്‍ ഇല്ലാതായി.
ഏഷ്യാ കപ്പില്‍ ടീമില്‍ ഉണ്ടായിട്ടും പലപ്പോഴും ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്നപ്പോള്‍ കങ്കാരുപ്പടക്കെതിരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. പ്രോട്ടിയാസിനെതിരെയാകട്ടെ അവസാന മത്സരത്തില്‍ ഒഴികെ ബെഞ്ചില്‍ ഇരിക്കാനായിരുന്നു താരത്തിന്റെ വിധി.
കഴിഞ്ഞ ദിവസത്തിലെ അവസാന മത്സരത്തില്‍ ഓപ്പണിങ്ങില്‍ തിരിച്ചെത്തി മികച്ച ബാറ്റിങ് നടത്തിയതോടെ സഞ്ജുവിന്റെ ഭാവി വീണ്ടും തെളിയുകയാണ്. ഗില്ലിന്റെ അഭാവം ഓപ്പണിങ്ങില്‍ സഞ്ജുവിന് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ടെങ്കിലും ഇഷാന്‍ കിഷന്റെ തിരിച്ച് വരവ് മലയാളി താരത്തിന് വെല്ലുവിളിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി താരം കാണിച്ച മികവ് തന്നെയാണ് അതിന് കാരണം.
സഞ്ജു സാംസണ്‍. Photo: BCCI/x.com
എന്നാല്‍, സഞ്ജു തന്നെ ലോകകപ്പില്‍ ഓപ്പണിങ്ങില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി – 20 ലോകകപ്പില്‍ ഓപ്പണറാവുമെങ്കില്‍ 2024ല്‍ താരം നടത്തിയ വെടിക്കെട്ട് വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകളത്രയും.
Content Highlight: Sanju Samson likely to open in T20 World Cup 2026 in the absence of Shubhman Gill